Monthly Archives: January 2012

അരികെ


ശ്യാമപ്രസാദിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ബംഗാളി നോവലിസ്റ്റ് സുനില്‍ ഗംഗോപധ്യായയുടെ നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ. അരികെ എന്നാണ് ഈ ചിത്രത്തിനിട്ടിരിക്കുന്ന പേര്.
ദിലീപ് നായകനാകുന്ന ചിത്രത്തില്‍ മംമ്ത, സംവൃത സുനില്‍ എന്നിവര്‍ നായികമാരാകുന്നു. ബുിജു മേനോന്‍, ജഗതി, ഊര്‍മ്മിള ഉണ്ണി, ചിത്ര അയ്യര്‍ എന്നിവരും ഈ ചിത്രത്തിലഭിനയിക്കുന്നു. ഗാനരചന ഷിബു ചക്രവര്‍ത്തി. സംഗീതം ഔസേപ്പച്ചന്‍. നിര്‍മ്മാണം പിക്ചര്‍ പെര്‍ഫക്ട്.

സംവൃതയുടെ വിവാഹം നവംബര്‍ 1 ന്


സംവൃത സുനിലിന്റെ വിവാഹം നവംബര്‍ 1 ന് നടക്കും. കഴിഞ്ഞ മാസം കോഴിക്കോട് വെച്ച് എന്‍ഗേജ്‌മെന്റ് നടന്നിരുന്നു. കോഴിക്കോട് സ്വദേശിയും കാലിഫോര്‍ണിയയില്‍ എഞ്ചിനീയറുമായ അഖില്‍ ആണ് വരന്‍. ലാല്‍ ജോസിന്റെ രസികനിലൂടെയാണ് സംവൃത സിനിമയിലെത്തുന്നത്. തമിഴ്, തെലുഗ് ഭാഷകളിലും സംവൃത നായികയായിട്ടുണ്ട്.

ഉന്നം വരുന്നു


2012 ജനുവരി പ്രേക്ഷകരെ നിരാശപ്പെടുത്തിയ മാസമായിരുന്നു. ഏറെ പ്രതീക്ഷിച്ചിരുന്ന ചിത്രങ്ങള്‍ തകര്‍ന്ന് പോകുന്ന കാഴ്ചയാണ് ജനുവരിയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.. അസുരവിത്ത് എന്ന പരാജയ ചിത്രത്തിന് ശേഷം അസിഫ് അലി നായകനായി എത്തുന്ന ചിത്രം ഉന്നം ഫെബ്രുവരി ആദ്യവാരം തീയേറ്ററുകളിലെത്തും.
സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജോണി ഗദ്ദര്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണെന്ന് വ്യാപകമായ റൂമറുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ഒരു ത്രില്ലര്‍ ചിത്രമാണ്. അസിഫ് അലി, പ്രശാന്ത് നാരായണ്‍, ലാല്‍, നെടുമുടി വേണു, നൗഷി എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ശ്വേത മേനോന്‍, റീമ കല്ലിങ്കല്‍ എന്നിവര്‍ നായകമാര്‍. ഛായാഗ്രഹണം അജയന്‍ വിന്‍സെന്റ്. ബോളിവുഡ് സംഗീത സംവിധായകനും, മലയാളിയുമായ ജോണ്‍ പി. വര്‍ക്കി സംഗീതം നല്കുന്നു. ഗാനരചന റഫീഖ് അഹമ്മദ്. കുനിയില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ്, ബഷീര്‍ എന്നിവരാണ് നിര്‍മ്മാണം. ആര്‍.ആര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് വിതരണം നിര്‍വ്വഹിക്കുന്നു.

സി.സി.എല്‍ വന്‍ വിജയം


നടന്നുകൊണ്ടിരിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വന്‍ വിജയമാകുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള കേരള സ്‌ട്രൈക്കേഴ്‌സ് മികച്ച പ്രകടനമാണ് കഴിഞ്ഞ കലികളില്‍ കാഴ്ചവെച്ചത്. കൊച്ചിയില്‍ അവസാനം നടന്ന കളിയില്‍ സ്റ്റേഡിയം കാണികളാല്‍ നിറഞ്ഞിരുന്നു. മികച്ച വരുമാനമാണ് ഇതില്‍ നിന്ന് നേടാനായത്. എന്നാല്‍ വിവാദങ്ങളും ഇതോടൊപ്പം വന്നു. അസിഫ് അലി കളിയില്‍ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. മോഹന്‍ലാല്‍ പലതവണ വിളിച്ചിട്ടും കോള്‍ അറ്റന്‍ഡ് ചെയ്തില്ല എന്നാണ് ആരോപണം. അതിന്റെ തുടര്‍ച്ചയായി അസിഫ് അലിയെ സിനിമയില്‍ ഒതുക്കാന്‍ ശ്രമം നടക്കുന്നുവെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

കാസനോവ ഹിന്ദിയിലേക്ക്


മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസനോവ തീയേറ്ററില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. വൈഡ് റിലീസിങ്ങും മികച്ച പബ്ലിസിറ്റിയും വഴി റിലീസ് ദിവസം തന്നെ മൂന്ന് കോടിയിലേറെ രൂപ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു. എന്നാല്‍ ചിത്രം വിവാദങ്ങളും ഉയര്‍ത്തുന്നുണ്ട്. ബഡ്ജറ്റും, ചിത്രത്തിന്റെ പ്രമേയവും, മോഹന്‍ലാലിന്റെ വേഷവും എല്ലാം വിവാദമാകുന്നു. എന്നാല്‍ കാസനോവ ഹിന്ദിയിലേക്ക് റീ മേക്ക് ചെയ്യപ്പെടുന്നു എന്നതാണ് പുതിയ വാര്‍ത്ത. പ്രൊഡ്യൂസര്‍ കേതന്‍ ഷാ ആണ് ചിത്രത്തിന്റെ റൈറ്റ് വാങ്ങിയിരിക്കുന്നത്. അധികം വൈകാതെ ഹിന്ദി റീ മേക്ക് ആരംഭിച്ചേക്കും.

സരോജ് കുമാര്‍…വിവാദം വീണ്ടും


പത്മശ്രീ ഭരത് ഡോ.സരോജ് കുമാറിനെച്ചൊല്ലി വീണ്ടും വിവാദങ്ങളുയരുന്നു. ചിത്രത്തിലെ സൂപ്പര്‍സ്റ്റാറിന് മോഹന്‍ലാലിന്റെ ഛായയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ലാലിനെതിരെ വ്യക്തിപരമായ നിരവധി ആക്ഷേപങ്ങളുയര്‍ത്തിയ ഈ ചിത്രം വിവാദമായിത്തീരുകയും ചെയ്തു. എന്നാല്‍ ചിത്രം തീയേറ്ററില്‍ പരാജയമായി. തുടര്‍ന്ന് 25ാം ദിനത്തിന്റെ പോസ്റ്ററില്‍ നിന്ന് സംവിധായകന്റെയും, കാമറാമാന്റെയും പേരുകള്‍ നീക്കം ചെയ്താണ് ഇറക്കിയത്. ഇതാണ് ഇപ്പോള്‍ വിവാദമായിത്തീര്‍ന്നത്. നിര്‍മ്മാതാവ് വൈശാഖ് രാജന്‍ ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്ന് പറയുന്നു. എന്നാല്‍ ഇതിനെപ്പറ്റി സംവിധായകന്‍ സജിന്‍ രാഘവന്‍ പ്രതികരിച്ചിട്ടില്ല. കാമറാമാന്‍ എസ്.കുമാര്‍ പ്രതികരിച്ചത് സിനിമലോകം തന്നെ ഒരു കാമറാമാനായി അറിഞ്ഞിട്ടുണ്ടെന്നായിരുന്നു.
ചിത്രങ്ങളിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ആന്റണി പെരുമ്പാവൂരും, മേജര്‍ രവിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമാസംഘടനകളുടെ സമ്മര്‍ദ്ധം മൂലം നിര്‍മ്മാതാവ് സംവിധായകന്റെയും, കാമറാമാന്റെയും പേര് നീക്കുകയായിരുന്നുവെന്നാണ് മറ്റൊരു വാര്‍ത്ത.

നയന്‍താര പ്രഭുദേവ ബന്ധം അവസാനിക്കുന്നു


സിനിമാലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രഭുദേവ നയന്‍താര ബന്ധം അവസാനിക്കുന്നതായി വാര്‍ത്ത. മൂന്നര വര്‍ഷമായി ഇവര്‍ അടുപ്പത്തിലായിരുന്നു. ഭാര്യയെ ഡൈവോഴ്‌സ് ചെയ്താണ് പ്രഭുദേവ നയന്‍താരയെ സ്വീകരിച്ചത്. ഇത് തമിഴ്‌നാട്ടില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ ഇപ്പോഴും അടുപ്പമുണ്ടെന്നും പ്രഭുദേവയുടെ പുതിയചിത്രം റൗഡി റാത്തോറിന്റെ സെറ്റില്‍ നയന്‍താര സന്ദര്‍ശിക്കുന്നുണ്ടെന്നും വാര്‍ത്തയുണ്ട്. അതിനിടെ നയന്‍താര വീണ്ടും സിനിമയില്‍ തിരിച്ചെത്തുകയും ചെയ്തു. തെലുഗ് ചിത്രമായ ശ്രീരാമരാജ്യത്തില്‍ നാഗാര്‍ജുനയാണ് നായകന്‍. അടുത്തിടെ പ്രഭുദേവ താന്‍ വൈകാതെ നയന്‍താരയെ വിവാഹം ചെയ്യുമെന്നും സിനിമയില്‍ അവര്‍ അഭിനയിക്കുന്നതിന് താന്‍ എതിരല്ലെന്നും പറഞ്ഞിരുന്നു.എന്നാല്‍ നയന്‍താര ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

കള്ളനില്‍ ജയസൂര്യ


ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കള്ളനില്‍ ജയസൂര്യ നായകന്‍. മമ്മൂട്ടി നായകനായ ബോംബെ മാര്‍ച്ച്12 ന് ശേഷമുള്ള ബാബു ജനര്‍ദ്ധനന്റെ സംവിധാന സംരംഭമാണ് ഇത്.
പ്രശസ്തി നേടിയ ‘തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ ചിത്രം. ജി.ആര്‍ ഇന്ദുഗോപനാണ് കഥ. തിരക്കഥ സംഭാഷണം എന്നിവ സംവിധായകന്‍ തന്നെ നിര്‍വ്വഹിക്കുന്നു. അനശ്വര സിനിമാസ് ആണ് നിര്‍മ്മാണം.
2012 ജൂലൈയോടെ ഷൂട്ടിംഗ് ആരംഭിക്കും.

ചട്ടക്കാരിയില്‍ പൂര്‍ണ്ണ നായിക


1974 ല്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചട്ടക്കാരി. ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ ചലച്ചിത്രം അക്കാലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ഇപ്പോള്‍ സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവന്‍ ചട്ടക്കാരി റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ചിത്രം നിര്‍മ്മിക്കുന്നത് രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ്. ചിത്രത്തിലെ നായികയായ ജൂലിയുടെ വേഷം ചെയ്യുന്നത് പൂര്‍ണ്ണ (ഷംന കാസിം) ആണെന്നാണ് പുതിയ വാര്‍ത്ത.ഗ്ലാമര്‍ രംഗങ്ങളുള്ള വേഷമാണ് ഇത്. പഴയ ചിത്രത്തില്‍ ലക്ഷ്മി ചെയ്ത വേഷമാണ് ഇത്.
ചിത്രം മാര്‍ച്ചില്‍ തുടങ്ങും.

പ്രിയദര്‍ശന് പത്മശ്രീ


പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. പതിറ്റാണ്ടുകളായി സിനിമ സംവിധാന രംഗത്തുള്ള പ്രിയദര്‍ശന്‍ നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ സൃഷ്ടാവാണ്. മലയാളത്തില്‍ നിന്ന് ഹിന്ദിയില്‍ എത്തിപ്പെട്ട പ്രിയദര്‍ശന്‍ വാണിജ്യ സിനിമയുടെ പ്രധാന ഘടകമാണ് ഇന്ന്. വര്‍ഷം തോറും നിരവധി ഹിറ്റുകള്‍ ഇദ്ദേഹത്തിന്റേതായി പുറത്ത് വന്നുകൊണ്ടിരിക്കുന്നു. നിരവധി മലയാളചലച്ചിത്രങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പ്രിയദര്‍ശന്‍ ഹിറ്റാക്കിയിട്ടുണ്ട്.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo