Monthly Archives: December 2011

ബിസിനസ് മാന്‍ മ്യൂസിക് ലോഞ്ച് മൂന്ന് ഭാഷകളില്‍.


തെലുങ്ക് ചിത്രം ബിസിനസ്മാന്റെ മ്യൂസിക് ലോഞ്ച് ഹൈദരാബാദില്‍ നടന്നു. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് റിലീസ്. തമിഴ് വേര്‍ഷന്‍ ക്രിഷ്ണയും, വിജയ നിര്‍മ്മലയും ചേര്‍ന്നും, മലയാളം, തെലുങ്ക് വേര്‍ഷനുകള്‍ രാജമൗലി, ചാര്‍മി, ആഷി റെഡ്ഡി എന്നിവര്‍ ചേര്‍ന്നും പ്രകാശനം ചെയ്തു.
ആര്‍.ആര്‍ മുവീസിന്റെ ബാനറില്‍ ആര്‍.വെങ്കട് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സീനു വൈറ്റിലയാണ്. മഹേഷ് ബാബു നായകനും, കാജല്‍ അഗര്‍വാള്‍ നായികയുമാകുന്നു. തമിഴ്,തെലുങ്ക്,മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

നയന്‍താര വീണ്ടും


ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയം നിര്‍ത്തി പ്രഭുദേവയുമൊത്തുള്ള കുടുംബജീവിതം തുടങ്ങിയ നയന്‍താര വീണ്ടും അഭിനയത്തിലേക്ക് വരുന്നതായി വാര്‍ത്ത. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ രാവണന്റെ പത്‌നി മണ്ഡോദരിയുടെ വേഷമാണ് നയന്‍താരയെ തേടിവന്നിരിക്കുന്നത്. ശിവ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം രാംഗോപാല്‍ വര്‍മ്മയും നാഗാര്‍ജ്ജുനയും ഒന്നിക്കുന്ന ഈ ചിത്രം രാമായണത്തെ കേന്ദ്രമാക്കിയാണ്. നയന്‍താര ആദ്യം വിസമ്മതിച്ചെങ്കിലും നാഗാര്‍ജ്ജുനയുടെയും, രാംഗോപാല്‍ വര്‍മ്മയുടെയും നിര്‍ബന്ധത്തിന് വഴങ്ങി എന്നാണ് ശ്രുതി.

പ്രസാദ് നൂറനാട് സിനിമ സംവിധായകനാകുന്നു


സീരിയല്‍ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രസാദ് നൂറനാട് സിനിമ സംവിധായകനാകുന്നു. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതുന്ന ‘ഒരേ പോലെ’ യാണ് ഈ ചിത്രം. അളകാപുരി ഫിലിംസിന്റെ ബാനറില്‍ നാഗരാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളാവും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുക.

കലാഭവന്‍ മണിക്കെതിരെ പോലീസ് കേസ്


ഡ്യൂട്ടിയിലുള്ള പോലീസുകാരനെ കയ്യേറ്റം ചെയ്തതിന് കലാഭവന്‍ മണിക്കെതിരെ പോലീസ് കേസ് എടുത്തു. മര്‍ദനമേറ്റ പോലീസുകാരന്റെ മൊഴി പ്രകാരം ചാലക്കുടിക്കടുത്ത ആനമലയില്‍ ട്രാഫിക് നിയന്ത്രിച്ച് കൊണ്ടിരിക്കേ മണിയുടെ ചില സുഹൃത്തുക്കള്‍ കൂടപ്പുഴ ക്ഷേത്രത്തിലെ കാവടി മഹോത്സവത്തിന്റെ പ്രദക്ഷിണം നടക്കുന്നിടത്ത് വാഹനം കൊണ്ട് തടസമുണ്ടാക്കി. തുടര്‍ന്ന് പോലീസുകാരനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട ഇവരെ സഹായിക്കാനായി മണി വരികയും, പോലീസുകാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പിന്നീട് ആശുപത്രിയില്‍ അഡ്മിറ്റായ പോലീസുകാരനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
എന്നാല്‍ പ്രശനങ്ങള്‍ക്ക് കാരണം പോലീസുകാരനാണെന്നും, പോലീസുകാരന്റെ പ്രസ്താവന തെറ്റാണെന്നും മണി പറയുന്നു.

ജയറാം-ജഗതി തിരുവമ്പാടിതമ്പാനില്‍.



സ്വപ്‌നസഞ്ചാരിക്ക് ശേഷം ജയറാമും, ജഗതിയും ഒന്നിക്കുന്ന ചിത്രമാണ് തിരുവമ്പാടി തമ്പാന്‍. ശിക്കാറിന് ശേഷം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജയറാമിന്റെ അച്ഛന്റെ വേഷത്തിലാണ് ജഗതി അഭിനയിക്കുന്നത്.
എസ്. സുരേഷ്ബാബു തിരക്കഥ എഴുതിയ ചിത്രത്തില്‍ നായിക കന്നട താരം ഹരിപ്രിയയാണ്. ഔസേപ്പച്ചനാണ് സംഗീതം. ജനാര്‍ദ്ധനന്‍, ബാബു നമ്പൂതിരി, രശ്മി സോമന്‍, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ജിനി സിനിമയുടെ ബാനറില്‍ അലക്‌സാണ്ടര്‍ ജോണാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

എ.ആര്‍ റഹ്മാന്‍ സ്പീല്‍ബര്‍ഗിനൊപ്പം


ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍ വിഖ്യാത ഹോളിവുഡ് സംവിധായകന്‍ സ്പീല്‍ബര്‍ഗിനൊപ്പം സിനിമ ചെയ്യുന്നു. ‘വെല്‍കം ടു ദ പീപ്പിള്‍’ എന്ന ചിത്രത്തിനാണ് റഹ്മാന്‍ സംഗീതം നല്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഷന്‍ ഇംപോസിബിള്‍ സീരീസിലൂടെ പ്രശസ്തനായ അലക്‌സ് കട്‌സ്മാനാണ്.
ഈ ചിത്രത്തിന്റെ നിര്‍മ്മാണം സ്പീല്‍ബര്‍ഗിന്റെ തന്നെ കമ്പനിയായ ഡ്രീം വര്‍ക്‌സാണ്. നിലവില്‍ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് റഹ്്മാന്‍ സംഗീതം നല്കിക്കഴിഞ്ഞു. 127 അവേഴ്‌സ്, കപ്പിള്‍സ് റിട്രീറ്റ്, സ്ലംഡോഗ് മില്യണയര്‍ എന്നിയാണ് പ്രധാനപ്പെട്ടവ. ഹിന്ദിയിലും, തമിഴിലുമായി വിവിധ പ്രൊജക്ടുകളില്‍ തിരക്കിലാണ് റഹ്മാന്‍ ഇപ്പോള്‍…

ഭാരതിരാജയുടെ സിനിമ നിര്‍ത്തി വച്ചു.


മുല്ലപ്പെരിയാര്‍ അനുബന്ധപ്രശ്‌നങ്ങള്‍ സിനിമ രംഗത്തും വിവാദങ്ങള്‍ ഉയര്‍ത്തവേ ഭാരതി രാജയുടെ സിനിമ പാതി വഴിയില്‍ നിര്‍ത്തി. രണ്ട് മലയാളി നടികളാണ് ഭാരതി രാജയുടെ പുതിയ ചിത്രമായ അന്നക്കൊടിയും കൊടിവീരനും എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. കാര്‍ത്തിക, ഇനിയ എന്നിവരാണ് നായികമാര്‍.
മുല്ലപ്പെരിയാര്‍ വിഷയം തമിഴ്‌നാട്ടില്‍ ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാടിന്റെ ഭാഗത്ത് നില്ക്കുന്ന ഭാരതിരാജ മലയാളം നായികമാര്‍ അഭിനയിക്കുന്നതിനാലാണ് ചിത്രം നിര്‍ത്തിവച്ചത് എന്നാണ് വാര്‍ത്ത. എന്നാല്‍ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചുവെന്നും തുടര്‍ന്നുള്ള കാള്‍ഷീറ്റില്‍ പ്രശ്‌നങ്ങളുള്ളതിനാലാണ് ചിത്രം നിര്‍ത്തിവെച്ചതെന്നുമാണ് ഭാരതിരാജ പറയുന്നത്.

ശ്യാമപ്രസാദിന്റെ ‘അരികെ’യില്‍ സംവൃത


ശ്യാമപ്രസാദിന്റെ പുതിയ ചിത്രം അരികെ യില്‍ സംവൃത സുനില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. സംവൃതയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്. 2003 ല്‍ രസികന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലാണ് സംവൃത സുനില്‍ സിനിമ ജീവിതം ആരംഭിക്കുന്നത്.
ആദ്യമായി സിങ്ക് സൗണ്ട് റെക്കോഡിങ്ങില്‍ സംവൃത അഭിനയിക്കുന്നത് അരികെ യിലാണ്. തത്സമയ ശബ്ദലേഖനം അഭിനയജീവിതത്തില്‍ പുതിയ അനുഭവങ്ങള്‍ നല്കിയതായി അവര്‍ പറഞ്ഞു. ദീലീപ്, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഉടന്‍ റിലീസാകുന്ന സംവൃതയുടെ ചിത്രം എ.കെ സാജന്റെ അസുരവിത്താണ്. ആസിഫ് അലി ഇതില്‍ നായക വേഷം കൈകാര്യം ചെയ്യുന്നു.

ജയറാമും,മംമ്തയും ഒന്നിക്കുന്നു


സീരിയല്‍ രംഗത്തെ പ്രശസ്ത സംവിധായകന്‍ കെ.കെ രാജിവ് കുമാര്‍ സംവിധാനം ചെയ്യുന്ന ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തില്‍ ജയറാമും, മംമ്ത മോഹന്‍ദാസും വീണ്ടും ഒന്നിക്കുന്നു.
ജയറാമും മംമ്തയും ഭാര്യാഭര്‍ത്താക്കന്മാരുടെ വേഷത്തിലെത്തുന്നു. അവര്‍ക്കിടയിലേക്ക് കടന്ന് വരുന്ന മറ്റൊരു സ്ത്രീ ജീവിതം മാറ്റി മറിക്കുന്നു. മൈഥിലിയാണ് ഈ വേഷം ചെയ്യുന്നത്. ചെറിയാന്‍ കല്പകവാടിയാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്.
മമ്മൂട്ടിയെ നായകനാക്കിയുള്ള ഒരു പ്രൊജക്ടുമായി രാജിവ് കുമാര്‍ മുന്നോട്ട് പോയെങ്കിലും തിരക്കഥ തൃപ്തികരമല്ലാത്തതിനാല്‍ മമ്മൂട്ടി തല്കാലത്തേക്ക് അത് നീട്ടിവച്ചു എന്നാണ് വാര്‍ത്ത.
ജയറാം ചെറിയാന്‍ കല്പകവാടിയോട് രാജിവ് കുമാറിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും ശ്രുതിയുണ്ട്.

രാജപട്ടൈക്കും, ഡോണ്‍ 2 നും സമ്മിശ്ര പ്രതികരണം


അന്യഭാഷാ ചിത്രങ്ങളുടെ കേരളത്തിലെ ആധിപത്യത്തിനെതിരെ പ്രതികരണങ്ങളും വിമര്‍ശനങ്ങളും തുടരവെ ക്രിസ്മസ് റിലീസായ ഡോണ്‍ 2 നും, രാജപട്ടൈക്കും സമ്മിശ്ര പ്രതികരണം. പുതിയ മലയാള പടങ്ങള്‍ റിലീസിങ്ങിനൊരുങ്ങുന്നുണ്ട്. അതിനിടെ വെനീസിലെ വ്യാപാരിയും, ഒരു മരുഭൂമിക്കഥയും, സ്വപ്‌ന സഞ്ചാരിയും ഈ സീസണില്‍ ലാഭം നേടുമെന്നാണ് പ്രതീക്ഷ.
മികച്ച രീതിയില്‍ പ്രദര്‍ശനം നടന്നുകൊണ്ടിരുന്ന വി.കെ പ്രകാശിന്റെ ബ്യൂട്ടിഫുള്‍ വൈകാതെ തീയേറ്ററില്‍ മടങ്ങിയെത്തും.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo