Monthly Archives: November 2011

ലക്ഷ്മി വിലാസം രേണുകമകന്‍ രഘുരാമന്‍

PWD അസിസ്റ്റന്റ് എഞ്ചിനീയരുടെ വേഷം അവതരിപ്പിച്ചുകൊണ്ട് ഊര്‍വ്വശി വീണ്ടും തന്റെ സ്ഥാനം മലയാളസിനിമയില്‍ ഒന്നുകൂടി ഉറപ്പിക്കുകയാണ് ലക്ഷ്മി വിലാസം രേണുകമകന്‍ രഘുരാമന്‍. കൊട്ടാരത്തില്‍ ഭൂതം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ എം. ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചുമാവേലി ഫിലീംസിന്റെ ബാനറില്‍ എല്‍.ശെല്‍വന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ജഗതി ശ്രീകുമാര്‍, അശോകന്‍, സുരാജ് വെഞ്ഞാറമൂട്, ഭീമന്‍ രഘു, അനില്‍, എസ്. അരുണ്‍, നാസര്‍ തിരൂര്‍, മാസ്റ്റര്‍ അരുണ്‍ ശെല്‍വന്‍, ഗോപിക, സുരേഷ്, സുകുമാരി, നയന, മങ്ക മഹേഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. എല്‍ബന്‍ കൃഷ്ണയാണ് ക്യാമറമാന്‍. മണിമേനോന്‍, അനസ് ബി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഭാഷണം സത്യന്‍ കുളനാട് എഴുതുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ, സോമന്‍ ചാമക്കാല, വിനു ശ്രീകല എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് വി.കെ. വിജയനാണ്. ജയചന്ദ്രന്‍, ശരത്, കലാഭവന്‍ ശശിപ്രസാദ്, കൊല്ലം മോഹന്‍, മഞ്ജരി എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

ഇണയുടെ പൂജ കഴിഞ്ഞു

കൗമാര പ്രണയചാപല്യങ്ങള്‍ വെള്ളിത്തിരയില്‍ നിറഞ്ഞൊഴുകിയ ഇണ എന്ന ചിത്രത്തിന്റെ പുതിയ പതിപ്പ് ഇണയുടെ പൂജ കൊച്ചിയില്‍ നടന്നു. യുവതാരം യുവന്‍, സ്വാതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിചന്ദനക്രിയേഷന്‍സിന്റെ ബാനറില്‍ ശ്രീനാഥ് മങ്കടയാണ് ചിത്രം നിര്‍മിക്കുന്നത്. ബാബുരാജ്, കലാഭവന്‍ മണി, ദേവന്‍, മാമുക്കോയ, റിസബാവ, നാരായണന്‍കുട്ടി, സാബു കൊടിയന്‍, അഞ്ജല്‍ തോമസ്, മനു ഷാജഹാന്‍, അബി, ലക്ഷ്മി ശര്‍മ, ഗീതാവിജയന്‍, സ്വാതി വര്‍മ, റിഷ, കുളപ്പുള്ളി ലീല, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ, ഐ.എസ്.കുണ്ടൂര്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ഷിബു സുകുമാരനാണ്. മണിപ്രസാദാണ് ക്യാമറമാന്‍.

ശ്രീകണ്ഠന്‍ കുഴപ്പക്കാരനല്ല

സാള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ലാല്‍, ബാബുരാജ്, ശ്വേതാ മേനോന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ശ്രീകണ്ഠന്‍ കുഴപ്പക്കാരനല്ല. ചിത്രം സംവിധാനം ചെയ്യുന്നത് എസ്.പി. മഹേഷ് ആണ്. ടൈം ആഡ്‌സിന്റെ ബാനറില്‍ പി.എ. സെബാസ്റ്റ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ഏറണാകുളത്ത്് നടന്നു. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സലീംകുമാര്‍, കെ.പി.എ.സി. ലളിതുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് ബേണി ഇഗ്നേഷ്യസ് ആണ്.

ജയരാജ് സംവിധാനം ചെയ്യുന്ന നായിക

ജയരാജ് സംവിധാനം ചെയ്ത നായിക തിയേറ്ററില്‍ എത്തി. ഗ്രേസി എന്ന നായികയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന വനിതാ പത്രപ്രവര്‍ത്തകയിലൂടെയാണ് നായികയുടെ യഥാര്‍ത്ഥ ജീവിതകഥ വെള്ളിച്ചം കാണുന്നത്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ ശാരദ ഗ്രേസിയാകുമ്പോള്‍ അവരുടെ യൗവനകാലസിനിമജീവിതം ആവിഷ്‌ക്കരിക്കുന്ന പത്മപ്രിയയാണ്. രുപത്തിലും ഭാവത്തിലും അടിമുടി ശാരദയുടെ രൂപത്തിലാണ് ചിത്രത്തില്‍ പത്മപ്രിയ അഭിനയിക്കുന്നത്. നടന്‍ അശോക് കുമാറായി ജയറാം വേഷമിടുന്നു. അലീനയെന്ന പത്രപ്രവര്‍ത്തകയാവുന്നത് മംമ്താ മോഹന്‍ദാസ് ആണ്. ശ്രീകുമാരന്‍ തമ്പി-അര്‍ജുനന്‍ മാസ്റ്റര്‍ കൂട്ട്‌കെട്ട് വീണ്ടും മനോഹരഗാനങ്ങളുമായി എത്തുന്ന സിനിമയാണ് നായിക. പിക്‌നിക് എന്ന ചിത്രത്തിലെ പ്രശസ്ത ഗാനമായ കസ്തൂരി മണക്കുന്നല്ലോ കാറ്റേ….എന്ന ഗാനം ചിത്രത്തില്‍ റീമിക്‌സ് ചെയ്ത് അവതരിപ്പിക്കുന്നുണ്ട്. ദീദി ദാമോദരന്റെ തിരക്കഥയിലാണ് ജയരാജ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മകയീരം ക്രിയേഷന്‍സിന്റെ ബാനറില്‍ തോമസ് ബഞ്ചമിനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിദ്ദിഖ്, ജഗതി, സായ്കുമാര്‍, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ നായികയിലെ പ്രധാന കഥാപാത്രങ്ങളാണ്.

പലായനം സിനിമയാകുന്നു

ജോയ്‌സിയുടെ ജനപ്രിയ നോവലായ പലായനം സിനിമയാകുന്നു. കാതല്‍ എക്‌സ്പ്രസ് എന്ന ചിത്രത്തിനുശേഷം ആര്യ സൂര്യ സിനിമാസിനുവേണ്ടി രാജേഷ് കൊട്ടോപ്പാടത്ത് നിര്‍മിക്കുന്ന ഈ ചിത്രം സ്‌കെച്ച് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രസാദ് യാദവ് സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം ജോയ്‌സി തന്നെ നിര്‍വഹിക്കുന്നു.

രേവതിയുടെ മാഡ് ഡാഡ്

ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ രേവതി.എസ്. വര്‍മ ആദ്യമായി മലയാളത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാഡ് ഡാഡ്. സിനിമയുടെ ചിത്രീകരണം ഏറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ഉടന്‍ ആരംഭിക്കും. പി.ആര്‍.വി. അസോസിയേറ്റ്‌സിന്റെ ബാനറില്‍ പി.എന്‍. വേണുഗോപാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ലാല്‍, ഹരിശ്രീ അശോകന്‍, സലീംകുമാര്‍, ലാലു അലക്‌സ്, ജനാര്‍ദ്ദനന്‍, ശ്വേതാ മേനോന്‍, അര്‍ച്ചന കവി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കിംഗ് ആന്റ് കമ്മീഷണര്‍ പൂര്‍ത്തിയാവുന്നു

ഏറണാകുളം, ന്യൂഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചിത്രീകരണത്തോടെ ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ എന്ന ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ന്യൂഡല്‍ഹിയിലെ പാര്‍ലിമെന്റ് ഹൗസ് ചിത്രത്തില്‍ ശ്രദ്ധേയമായ രംഗത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. എംപറര്‍ സിനിമയുടെ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്തനായ ഒരു സയന്റിസ്റ്റിന്റെ കൊലപാത്രകവും അതിന്റെ അന്വേഷണവുമാണ് സിനിമ യുടെ പ്രമേയം. അന്വേഷണ ഉദ്ദ്യോഗസ്ഥരായി മമ്മൂട്ടിയും സുരേഷ്‌ഗോപിയും ജോസഫ് അലക്‌സ്, ഭരത്ചന്ദ്രന്‍ എന്നീ കഥാപാത്രങ്ങളായി രംഗത്തെത്തുന്നു. രണ്‍ജിപണിക്കറുടെ ശക്തമായ തിരക്കഥയില്‍ ജനാര്‍ദ്ദനന്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുന്നു. കൂടാതെ നെടുമുടി വേണു, സായികുമാര്‍, സലീംകുമാര്‍, ദേവന്‍, റിസബാവ, കെ.പി.എ.സി. ലളിത എന്നിവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംവൃതസുനിലും സഞ്ജനയുമാണ് നായികമാര്‍. ഭരണി.കെ.ധരന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. പ്ലേ ഹൗസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

വീണ്ടും കണ്ണൂര്‍

വീണ്ടും കണ്ണൂര്‍ എന്ന ചിത്രത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് ഡല്‍ഹിയില്‍ വച്ചായിരിക്കും. കണ്ണൂര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വീണ്ടും കണ്ണൂര്‍. ഗോള്‍ഡന്‍ വിംഗ്‌സിന്റെ ബാനറില്‍ ഹരിദാസ് കേശവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടീംഗ് ഉടന്‍ ആരംഭിക്കും. അബ്ദുള്‍ ലത്തീഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍ കണ്ണൂരും കോഴിക്കോടുമാണ്. മനോജ് കെ. ജയന്‍, സമുദ്രക്കനി, സായ്കുമാര്‍, റിസബാവ, ടിനി ടോം, നാരായണന്‍നായര്‍, ശശി കലിംഗ, ശ്രീജിത്ത് രവി, ഷെറഫുദ്ദീന്‍, ബിജു ദേവസ്യ, ലക്ഷ്മി ശര്‍മ, നിമിഷ, സീമാ ജി നായര്‍ എന്നിവരാണ് അഭിനേതാക്കള്‍. നായികയെ തീരുമാനിച്ചിട്ടില്ല. ഗാനരചനയും സംഗീതവും റോബിന്‍ തിരുമല നിര്‍വഹിക്കുന്നു. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍.

ഷട്ടര്‍ ചിത്രീകരണം പുരോഗമിക്കുന്നു

ജോണ്‍ അബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലെ നായകനും പ്രമുഖ മാധ്യമപ്ര വര്‍ത്തകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് ഷട്ടര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് പുരോഗമിക്കുന്നു. കേരളീയജീവിതത്തിന്റെ സമകാലീക യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌ക്കരിക്കുന്നത്. ചിത്രത്തന്റെ ശബ്ദസംവിധാനം നിര്‍വ ഹിക്കുന്നത് മലയാളത്തിന്റെ അഭിമാനമായ റസൂല്‍ പൂക്കുറ്റിയാണ്. ശ്രീനിവാസനും ലാലുമാണ് പ്രധാനകഥാപാത്രങ്ങള്‍ക്ക് വേഷം നല്‍കുന്നത്. കൂടാതെ വിനയ് ഫോര്‍ട്ട്, സജിത മഠത്തില്‍, വിജയന്‍ കാരന്തൂര്‍, അപ്പുണ്ണി ശശി, റിയ, നിഷ ജോസഫ് എന്നിവരും ചിത്രത്തില്‍ അഭി നയിക്കുന്നു. ഛായാഗ്രഹണം ഹരിനായര്‍. അബ്ര ഫിലീംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ഷട്ടര്‍ നിര്‍മിക്കുന്നത്.

തിരുവമ്പാടി തമ്പാന്‍

സ്‌നേഹയും ജയറാമും പ്രധാനവേഷങ്ങളില്‍ എത്തുന്ന തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആദ്യഘട്ടം ബീഹാറില്‍ പൂര്‍ത്തിയായി. സംവിധായകന്‍ പത്മകുമാറും തിരക്ക ഥാകൃത്ത് സുരേന്ദ്രബാബുവും ഒന്നിക്കുന്ന തിരുവമ്പാടി തമ്പാന്റെ രണ്ടാം ഘട്ട ചിത്രീകരണം ഈ മാസം 27ന് തൃശ്ശൂരില്‍ ആരംഭിക്കും. ജയറാമിന്റെ നായികയായി സ്‌നേഹയാണ് അഭിന യിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രശസ്തനായ കിഷോറാണ് ചിത്രത്തില്‍ പ്രതിനായക സ്ഥാനത്ത്. തമ്പി ദുരൈയും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന് വേഷമിടുന്നുണ്ട്. ജിലി സിനിമയുടെ ബാനറില്‍ അലക്‌സ് നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജഗതി, നെടുമുടിവേണു, കലാഭവന്‍ മണി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ക്യാമറ മനോജ്പിള്ളയും, സംഗീതം ഔസേപ്പച്ചനും നിര്‍വഹിക്കുന്നു. മറയൂര്‍, മധുര, പൊള്ളാച്ചി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകള്‍.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo