Monthly Archives: September 2011

ജയസൂര്യയുടെ ബ്യൂട്ടിഫുള്‍

ഇരുന്നൂറ് കോടി രൂപ ആസ്തിയുള്ള സമ്പന്നനാണ് സ്റ്റീഫന്‍ ലൂയിസ്. സമ്പന്നതകൊണ്ടുമാത്രം ജീവിതം ആഘോഷിക്കുന്നവനല്ല സ്റ്റീഫന്‍ ലൂയിസ്. അവന്റെ സ്വഭാവം തന്നെ വീണുകിട്ടിയ ജീവിതത്തെ ആഘോഷിക്കുക എന്നുള്ളതാണ്. എന്നാല്‍ തലയ്ക്കുകീഴ്‌പ്പോട്ട് ചലനശേഷിയില്ലാത്ത സ്റ്റീഫന്‍ ലൂയിസ് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ജീവിതവീക്ഷണമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയസൂര്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം. വി.കെ. പ്രകാശ് ചിത്രം സംവിധാനം ചെയ്യുന്നു. തിരക്കഥ അനൂപ് മേനോന്റെതാണ്. മേഘനാ രാജ് അഞ്ജലി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കിഷോര്‍, നന്ദ, ജയന്‍, തെസ്‌നി ഖാന്‍, കെ.ബി. വേണു, ദിലീപ് നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അനൂപ് മേനോന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് റനീഷ് വേഗയാണ്. ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍. യെസ് സിനിമാക്കമ്പനിയുടെ ബാനറില്‍ ആനന്ദ്കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.

ഉന്നം പുരോഗമിക്കുന്നു

ഡേവിഡ് കാച്ചപ്പിള്ളി അവതരിപ്പിക്കുന്ന സിബിമലയില്‍ ചിത്രം ഉന്നത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. നര്‍മ്മവും സസ്‌പെന്‍സും ചേര്‍ന്ന വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്.ബാലകൃഷ്ണന്‍ എന്ന പോലീസ് ഓഫീസറായി ശ്രീനിവാസന്‍ അഭിനയിക്കുന്നു. ആസിഫ് അലിയാണ് നായകവേഷത്തില്‍. റീമാ കല്ലിങ്കലും ശ്വേതാമേനോനും നായികമാരായി എത്തുന്നു. നിയാസ് ബക്കര്‍, കെ.പി.എ.സി. ലളിത എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് സ്വാതി ഭാസ്‌ക്കറാണ്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ജോസ്. പി. വര്‍ക്കിയാണ്. ഛായാഗ്രഹണം അജയന്‍ വിന്‍സെന്റ് നിര്‍വ്വഹിക്കുന്നു.

മിസ്റ്റര്‍ മരുമകന്‍

വര്‍ണചിത്ര ബിഗ്‌സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍, നെല്‍സണ്‍ ഐപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ മരുമകന്‍. ചിത്രത്തില്‍ ദിലീപ് അശോക ചക്രവര്‍ത്തി എന്ന കഥാ പാത്രത്തെ അവതരിപ്പിക്കു ന്നു. അഭിനയ കലയെ ആവോളം സ്‌നേഹിക്കുന്ന എല്‍.എല്‍.ബിക്കാരന്‍. സുപ്ര സിദ്ധ താരം ഷീല രാജ കോകില എന്ന സമ്പന്ന പരി ഷ്‌ക്കാരിയുടെ റോളിലും, ഖുശ്ബു രാജമല്ലിക എന്ന പേരില്‍ ഷീലയുടെ മകളായും, ഭര്‍ത്താ വിനാല്‍ വേര്‍പിരിഞ്ഞ അവസ്ഥയിലാണ്. സനുഷ രാജലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഖുശ്ബുവിന്റെ മകളാണ്. രാജാസ് ഗ്രൂപ്പ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഏക അവകാശി. ബിജുമേനോന്‍ ബാബുരാജ് എന്ന ലണ്ടനില്‍ നിന്നും എംബിഎയ്ക്ക് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ പയ്യന്‍. ദിലീപിന്റെ സഹോദരന്‍. നെടുമുടിവേണു രാജഗോപാലന്‍ തമ്പിയായി വരുന്നു. നാടാചാര്യനാണ്. തമിഴ് നടന്‍ ബാബുരാജ് ബാലസുബ്രമണ്യം എന്ന ബാങ്ക് ഓംബുഡ്‌സ്മാന്റെ വേഷമാണ്. ഖുശ്ബുവിന്റെ വേര്‍പിരിഞ്ഞ ഭര്‍ത്താവാണ്. ജഗതിശ്രീകുമാര്‍ പണിക്കര്‍ ബി.എ. എല്‍എല്‍ബി. രാജാസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉപദേശകന്‍. സലീം കുമാര്‍ ശങ്കരനുണ്ണി. ബാങ്കിലെ പ്യൂണ്‍. ദിലീപിന്റെ കൂടപിറപ്പിനെ പോലെ കുടെയുണ്ടാകും. ചിത്രം സംവിധാനം ചെയ്യുന്നത് സന്ധ്യാമോഹന്‍. രചന സിബി കെ. തോമസ്, ഉദയകൃഷ്ണ. സംഗീതസംവിധാനം സുരേഷ് പീറ്റര്‍.

ഫാദേഴ്‌സ് ഡേ പ്രൊമോഷന് ഷാരുഖ് ഖാന്‍

കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ഫാദേഴ്‌സ ഡേ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് ഷാരുഖ് ഖാനും ഭാഗഭാക്കാകുന്നു. ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുറ്റിയും ചിത്രത്തിന്റെ അണിയറിയില്‍ പ്രവര്‍ത്തിക്കുന്നു. പുതുമുഖം ഷഹീസ് ആണ് നായകന്‍. മിസ് കേരള ഇന്ദു തമ്പി നായികാവേഷത്തില്‍ എത്തുന്നു. രേവതി, ശങ്കര്‍, സുരേഷ്‌കൃഷ്ണ, ഇടവേള ബാബു, വിജയ് മേനോന്‍ എന്നിവര്‍ പ്രധാനപ്പെട്ട അഭിനേതാക്കളാണ്. ലാല്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. വിനീത്, ജഗതി, കെ.പി.എ.സി. ലളിത, റീത്ത ബഷീര്‍, മായാ വിശ്വനാഥ് തുടങ്ങിയവരും വിവിധ വേഷങ്ങളില്‍ അണിനിരക്കുന്നു. ഒ.എന്‍.വി., ബി. ശ്രീരേഖ എന്നിവരുടെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് എം.ജി. ശ്രീകുമാറാണ്. ഛായാഗ്രഹണം എസ്. ബി. രാമന്‍ നിര്‍വഹിക്കുന്നു. ഭരത് സിനിമയുടെ ബാനറില്‍ ഭരത് സാമുവേല്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം സംപ്തംബര്‍ 26 മുതല്‍ കണ്ണൂരില്‍ തുടങ്ങും.

തല്‍സമയം പെണ്‍കുട്ടി ചിത്രീകരണം പുരോഗമിക്കുന്നു

നിത്യാമേനോന്‍ മഞ്ജുള എന്ന ചാനല്‍ അവതാരകയെ അവതരിപ്പിക്കുന്ന തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ടി. കെ. രാജീവ് കുമാറാണ് കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. മണിയന്‍പിള്ള രാജു ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായ അയ്യപ്പന്‍ പിള്ളയെ അവതരിപ്പിക്കുന്നു. സിദ്ദിക്ക്, ജഗതി, ജനാര്‍ദ്ദനന്‍, സുരാജ് വെഞ്ഞാറമൂട്, ശ്വേതാ മേനോന്‍, ബാബുരാജ്, കെ.പി.എ.സി. ലളിത, സുകുമാരി ദേവിചന്ദന, വോഡാഫോണ്‍ കോമഡി താരങ്ങളായ അസീസ്, സജി, സിനു പേയാട്,സിജു അടിമാലി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സണ്ണി ജോസഫ്, മാനുവല്‍ ജോര്‍ജ് തിരക്കഥയും സംഭാഷണവും, മുരുമകന്‍ കാട്ടാക്കട, സി.ആര്‍.പ്രസാദ് എന്നിവര്‍ ഗാനങ്ങളും, ശരത് സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു. റീല്‍ ടു റീല്‍ സിനിമയുടെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നു.

പാച്ചുവും ഗോപാലനും ചിത്രീകരണം പൂര്‍ത്തിയായി

താഹ സംവിധാനം ചെയ്യുന്ന  ചിത്രമാണ് പാച്ചുവും ഗോപാലനും. മുകേഷ് ചിത്രത്തില്‍ തോമസുകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നര്‍മരസപ്രധാനമാണ് ചിത്രം. മേഘനാരാജ്, ശ്രുതിലക്ഷ്മി, ജ്യോതിര്‍മയി എന്നിവര്‍ നായികമാരായി എത്തുന്നു. ഇന്നസെന്റ്, റിയാസ്ഖാന്‍, ബിജുകുട്ടന്‍, നാരായണന്‍കുട്ടി, കല്പന, സോനാനായര്‍, നെല്‍സണ്‍, ശിവജി ഗുരുവായൂര്‍, മുംതാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ഫ്രാന്‍സിസ് ടി. മാവേലിക്കര തിരക്കഥയും, രാജീവ് ആലുങ്കല്‍ ഗാനരചനയും, മോഹന്‍ സിതാര സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം ഉത്പന്‍ വി. നായനാര്‍. ഇവാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എഡ്വിന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ക്രൈം സ്‌റ്റോറിയുടെ ചിത്രീകരണം തുടങ്ങി

അനില്‍ തോമസ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ക്രൈം സ്‌റ്റോറിയുടെ ചിത്രീകരണം തുടങ്ങി. മൂവി മാജിക്, റെഡ് ലൈന്‍ എന്റര്‍ടെയിന്‍മെന്റ് വര്‍ക്കിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ ഏറണാകുളം സരോവരം ഹോട്ടലില്‍ വച്ച് നടന്നു. സഫലം എന്ന ദേശീയ അവാര്‍ഡ് ചിത്രത്തിന്റെ നിര്‍മാതാവാണ് സംവിധായകന്‍. ബാങ്കോക്ക് സമ്മര്‍, വാടാമല്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുല്‍ മാധവാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം അനൂപ് ജോര്‍ജ്, ഡാനിയേല്‍ ബാലാജി, വിഷ്ണുപ്രിയ, മീനാക്ഷി തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. തിരക്കഥ സുരേഷ് കൃഷ്ണയും, ക്യാമറ എസ്. കമലും, ഗാനരചന തങ്കന്‍ തിരുവട്ടാറും, സംഗീതം ഷാന്‍ മോനും നിര്‍വ്വഹിക്കുന്നു. തിരുവനന്തപുരം, വാഗമണ്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം നടക്കും.

സര്‍ക്കാര്‍ കോളനി ഹിറ്റിലേക്ക്

ഇക്കഴിഞ്ഞയാഴ്ച തിയേറ്ററിലെത്തിയ മുകേഷ് ചിത്രം സര്‍ക്കാര്‍ കോളനി നല്ല പ്രേക്ഷക അഭിപ്രായമാണ് നേടുന്നത്. വി.എസ്. ജയകൃഷ്ണ സംവിധാനം ചെയ്ത സര്‍ക്കാര്‍ കോളനിയുടെ തിരക്കഥ വി.എസ്. അശോകിന്റേതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം താമസിക്കുന്ന കോളനിയില്‍ പരസ്പരം വേര്‍പിരിഞ്ഞുകഴിയുന്ന ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് ഹാസ്യ ത്തിലൂടെ ചിത്രത്തില്‍ ആവിഷ്‌ക്ക രിച്ചിരിക്കുന്നത്. ദേവയാനിയാണ് നായിക. സൂരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണം എന്തായാ ലും ചിത്രത്തിന് നേട്ടമാകും.

ആകാശദൂത് മിനിസ്‌ക്രീനില്‍

പതിനെട്ട് വര്‍ഷംമുമ്പ് പ്രദര്‍ശനത്തിനെത്തിയ ആകാശദൂത് എന്ന ചിത്രത്തിന്റെ തുടര്‍ച്ച മിനിസ്‌ക്രീനില്‍ സീരിയല്‍ ആയി എത്തുന്നു. സിബിമലയില്‍ സംവിധാനവും ഡെന്നിസ് ജോസപ് തിരക്കഥയും രചിച്ച് മുരളിയും മാധവിയും അഭിനയിച്ച ഹിറ്റാക്കിയ ചിത്രമാണ് ആകാശദൂത്. എം. രഞ്ജിത്ത് നിര്‍മിക്കുന്ന മെഗാപരമ്പര സംവിധാനം ചെയ്യുന്നത് ആദിത്യനാണ്. പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ആകാശദൂതിന്റെ രണ്ടാം ഭാഗം എഴുതുന്നു. ചിപ്പിയാണ് മുഖ്യകഥാപാത്രമായ മീനുവിനെ അവതരിപ്പിക്കുന്നത്. സൂര്യ ടിവിയില്‍ ആകാശദൂത് രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യും.

സ്വപ്‌ന സഞ്ചാരി പൂര്‍ത്തിയായി

ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവേല്‍ നിര്‍മ്മിച്ച് കമല്‍ സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന ചിത്രം സ്വപ്‌നസഞ്ചാരിയുടെ ചിത്രീകരണം പൂര്‍ത്തിയായി. തൊടുപുഴയിലും ആലപ്പുഴയിലും ഏറണാകുളത്തുമായിരുന്ന പ്രധാന ലൊക്കേഷനുകള്‍. സംവൃതാ സുനിലാണ് ചിത്രത്തിലെ നായിക. ഭാമ, മീരാനന്ദന്‍, ജഗതി, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, ശിവജി ഗുരുവായൂര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശശി കലിംഗ, കലാഭവന്‍ ഷാജോണ്‍, മണികണ്ഠന്‍ പട്ടാമ്പി, ജയരാജ് വാര്യര്‍, ഇര്‍ഷാദ് കൃപ, സുരഭി, ഷംജ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo