Monthly Archives: August 2011

നാടോടിമന്നന്‍

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സ്പാനിഷ് മസാലയുടെ പൂര്‍ത്തീകരണത്തിനുശേഷം മലയാളത്തിന്റെ ജനപ്രിയനായകന്‍ ദിലീപ് അഭിനയിക്കുന്ന വിജി തമ്പി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. നാടോടിമന്നന്‍ എന്നാണ് ചിത്രത്തിന്റെ പേര്. റീമ കല്ലിങ്കല്‍, മംമ്താ മോഹന്‍ദാസ്, ഭാവന എന്നിവര്‍ നായികമാരാകുന്നു. വി.എസ്. സുരേഷ് എഴുതിയ കഥയ്ക്ക് തിരക്കഥ രചിക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. യുവാവായ ദിലീപ്് അവിചാരിതമായി സിറ്റി മേയറാകുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. ചിത്രം ഫിലീംസിന്റെ ബാനറില്‍ വി.എസ്. സുഭാഷ് ചിത്രം നിര്‍മ്മിക്കുന്നു. വിദ്യാസാഗര്‍ ഒരുക്കുന്ന ആറ് ഗാനങ്ങള്‍ ചിത്രത്തിന് മാറ്റ് കൂട്ടും.

തേജാഭായ് ആന്റ് ഫാമിലി തകര്‍ക്കുന്നു

തിയേറ്ററുകളില്‍ ഉത്സവാഘോഷം അടിച്ചുതകര്‍ക്കുകയാണ് പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ആക്ഷന്‍ കോമഡി ചിത്രം തേജാ ഭായ് ആന്റ് ഫാമിലി. ഒരു മധുരകിനാവിന്‍…..’ എന്നു തുടങ്ങുന്ന റഹ്മാന്‍ ഒരു കാലത്ത് തിയേറ്റുകള്‍ ഇളക്കിമറിച്ച ഗാനം റീമിക്‌സ് ചെയ്ത് തേജാഭായിയില്‍ വിളക്കിചേര്‍ത്തിട്ടുണ്ട്. പൃഥ്വിരാജ് വിവിധ വേഷത്തില്‍ എത്തുന്ന രംഗങ്ങളാണ് ഈ ഗാനത്തിലുള്ളത്. കൂടെ അഖിലയും ആടിത്തിമര്‍ക്കുന്നു. പ്രേക്ഷകര്‍ക്ക് ആവേശത്തിന്റെ കൊടുമുടി കയറാന്‍ വേറെ എന്തുവേണം. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത തേജാഭായ് ആന്റ് ഫാമിലി പൃഥ്വിരാജിന്റെ മറ്റൊരു ഹിറ്റാകും എന്നതില്‍ തര്‍ക്കമില്ല.

മംമ്ത മോഹന്‍ദാസ് തമിഴിലേക്ക് മടങ്ങുന്നു

കഴിഞ്ഞ രണ്ടു വര്‍ഷം മലയാളം സിനിമയില്‍ നിറഞ്ഞുനിന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ മംമ്താ മോഹന്‍ദാസ് ഒരു ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് വീണ്ടും തന്റെ കൂടുതേടുന്നു. തമിഴില്‍ പുതിയ ചിത്രത്തിന്റെ സെറ്റില്‍ മംമ്ത സന്തോഷവതിയായി കാണപ്പെട്ടു. ക്യാന്‍സര്‍ അസുഖത്തിനുള്ള ചികിത്സയില്‍ ആയിരുന്ന മംമ്താ രോഗമുക്തി നേടിയാണ് തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ആത്മവിശ്വാസവും ആശ്വാസവും ഷൂട്ടിംഗ് യൂനിറ്റില്‍ മംമ്താ പ്രകടിപ്പിക്കുന്നു. മുസാഫിര്‍, നായിക എന്നീ മംമ്തയുടെ മലയാളചിത്രങ്ങള്‍ തിയേറ്ററില്‍ എത്താനുണ്ട്. കൂടാതെ മമ്മൂട്ടിയുടെ മതിലുകള്‍ക്കപ്പുറം, പൃഥ്വിരാജിന്റെ സിങ്കാരവേലന്‍, രഞ്ജിത്തിന്റെ ലീല എന്നിവ പുതിയ ചിത്രങ്ങളാണ്.

മേല്‍വിലാസം ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലീം ഫെസ്റ്റിവലില്‍

കഴിഞ്ഞ വര്‍ഷം സുരേഷ് ഗോപി അഭിനയിച്ച മേല്‍വിലാസം എന്ന വ്യത്യസ്തമായ ചിത്രം ബുസാന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റിവല്ലിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു. 2011 എഡിഷനില്‍ മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഏക ചിത്രമാണ് മേല്‍വിലാസം. ഫെസ്റ്റില്‍ ആഗ്‌സത് 6ന് ആരംഭിക്കും. സ്വദേശ് ദീപക്കിന്റെ കോര്‍ട്ട് മാര്‍ഷല്‍ എന്ന ഹിന്ദി നാടകത്തിനെ അധികരിച്ച് മാധവ് രാംദാസ് ഒരുക്കിയതാണ് മേല്‍വിലാസം എന്ന ചിത്രം. സൂര്യ കൃഷ്ണമൂര്‍ത്തി ഇതേ പേരില്‍ ചെയ്ത നാടകമാണ് പിന്നീട് സിനിമയായി മാറിയത്. സുരേഷ് ഗോപി, പാര്‍ത്ഥിപന്‍, തലൈവാസല്‍ വിജയ്, അശോകന്‍, കൃഷ്ണകുമാര്‍ എന്നിവരാണ് പ്രമുഖരായ കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചത്. അടുത്ത് തന്നെ ചിത്രം തമിഴിലേക്ക് ഉള്‍വിലാസം എന്ന പേരില്‍ മൊഴിമാറ്റം നടത്തും.

മംമ്താ വിവാഹിതയാവുന്നു

കഥ തുടരുന്നു, പാസഞ്ചര്‍, അന്‍വര്‍ എന്നീ സിനിമകളിലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം കരസ്ഥമാക്കിയ മംമ്താ മോഹന്‍ദാസ് വിവാഹിതയാവുന്നു. കളിക്കൂട്ടുകാരനാണ് തന്റെ പ്രിയതമനായി വരുന്നത് എന്നാണ് മംമ്ത തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ബിസിനസ്സുകാരനായ പയ്യനുമായി ബഹറിന്‍ വച്ചുള്ള നീണ്ടകാലം പരിചയവും ഒരേ മാനസീക നിലപാടുകളും മംമ്തയുടെ ജീവിതപങ്കാളിയാക്കുന്നതിനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. അച്ഛനമ്മമാരുടെ സമ്മതതോടെ അടുത്ത വര്‍ഷം വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

സിബി മലയില്‍ ചിത്രത്തില്‍ ആസിഫ് അലിയും റീമയും

വയലിന്‍ പ്രതീക്ഷിച്ചതത്ര ബോക്‌സ് ഓഫീസ് വിജയം കണ്ടില്ലെങ്കിലും സിബിമലയില്‍ വീണ്ടും ആസിഫ് അലിയെ വച്ച് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ആദ്യചിത്രം അപൂര്‍വ്വരാഗം വന്‍വിജയമായിരുന്നു. ഉന്നം എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സ്വാതി ഭാസ്‌ക്കര്‍ ആണ് തിരക്കഥ രചിക്കുന്നത്. റീമ കല്ലിങ്കല്‍ നായികയായെത്തുന്നു. ലാല്‍, ശ്രീനിവാസന്‍, നെടുമുടിവേണു, ശ്വേതാമേനോന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കുനിയില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ് ബഷീര്‍ ചിത്രം നിര്‍മ്മിക്കുന്നു. പുതുമുഖം ജോണ്‍ പി. വര്‍ക്കിയാണ് സംഗീതസംവിധാനം ഒരുക്കുന്നത്. ഒന്നുരണ്ടുമാസത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ആസിഫ് അലിക്ക് പരിക്ക്

മലയാളസിനിമയിലെ യുവനടന്‍ ആസിഫ് അലിക്ക് റോപ് ജംപിങ്ങിടെ പരിക്ക് പറ്റി. എ.കെ. സാജന്‍ സംവിധാനം ചെയ്യുന്ന അസുരവിത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് വീഴ്ചയില്‍ പരിക്ക് പറ്റിയത്. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലായിരുന്നു ചിത്രീകരണം. ചിത്രീകരണത്തിന്റെ ഒറിജിനാലിറ്റിക്ക് വേണ്ടി ആസിഫ് അലി സ്വയം തന്നെ ട്യൂപ്പിന്റെ സഹായമില്ലാതെ ഈ ഭാഗം അഭിനയിക്കുകയായിരുന്നു. ഇടതുകൈക്കാണ് പരിക്ക് പറ്റിയത്. ഉടന്‍തന്നെ കൊച്ചി ലക് ഷോര്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും കുറച്ചുദിവസത്തെ വിശ്രമം വേണ്ടിവന്നിരിക്കുകയുമാണ്.

കതിവന്നൂര്‍ വീരന്‍ സിനിമയാകുന്നു

കതിവന്നൂര്‍ വീരന്‍ സിനിമയാകുന്നു വടക്കേ മലബാറിലെ അതിപ്രശസ്ത തെയ്യക്കോലമായ കതിവന്നൂര്‍ വീരന്‍ തെയ്യത്തിന്റെ കഥ ചലച്ചിത്രമാകുന്നു. അഭ്യാസിയും പോരാളിയുമായ മന്ദപ്പന്‍ തെയ്യക്കോലമായി മാറുന്ന ഇതിഹാസ കഥയാണ് ചലച്ചിത്രവല്‍ക്കരിക്കുന്നത്. കതിവന്നൂര്‍ വീരന്റെ കഥയ്ക്ക് തിരക്കഥയെഴുതുന്നത് മരമീടന്‍ എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവായ രാജ്മോഹന്‍ നീലേശ്വരവും ടി പവിത്രനും ചേര്‍ന്നാണ്. അഞ്ചുകോടി രൂപ ചെലവുവരുന്ന ചിത്രം ഗള്‍ഫ് മലയാളികളുടെ സഹകരണത്തോടെ ശ്രീ മൂകാംബിക കമ്യൂണിക്കേഷന്‍സ് നിര്‍മിക്കുന്നു. ഗിരീഷ് കുന്നുമ്മല്‍ ചിത്രം സംവിധാനം ചെയ്യും. ആനന്ദക്കുട്ടനാണ് ഛായാഗ്രഹണം. ഡോ. പ്രശാന്ത് കൃഷ്ണ, ജിനേഷ്കുമാര്‍ എരമം എന്നിവരുടെ ഗാനങ്ങള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതം പകരുന്നു.

പങ്കായം

ജാന്‍ മൂവീസിന്റെ ബാനറില്‍ സയ്യദ് ജിഫ്രി സംവിധാനം ചെയ്യുന്ന പങ്കായം എന്ന ചിത്രത്തില്‍ ശ്വേതാമേനോന്‍ നായികയാവുന്നു. സിനിമയുടെ കഥ രചിച്ചിരിക്കുന്നത് ബിനീഷ് ഒറവിലാണ്. തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് സി. ആര്‍. ചന്ദ്രന്‍. ഗാനങ്ങള്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും സംഗീതം നല്‍കിയത് ശ്യാം ധര്‍മയുമാണ്. ലാല്‍, ബിജു മേനോന്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളോടൊപ്പം ബ്രിട്ടീഷ് നടന്‍ ലീമാര്‍ട്ടിനും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

പൂമാതൈ പൊന്നമ്മ സിനിമയാകുന്നു

വടക്കന്‍ പാട്ടിലെ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ പൂമാതൈ പൊന്നമ്മ സിനിമയാകുന്നു. വാണിചന്ദ്ര മൂവീസിന്റെ ബാനറില്‍ രാമചന്ദ്രന്‍ സിങ്കപ്പൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും പാലേരി മാണിക്യത്തിന്റെ തിരക്കഥാകാരനായ ടി പി രാജീവന്‍ നിര്‍വഹിക്കുന്നു. രാജേഷ് വള്ളിലാണ് സംവിധായകന്‍ . മലയാളത്തിലെ പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. വടക്കന്‍പാട്ടിലെ ധീരവനിതയായ പൂമാതൈ പൊന്നമ്മയുടെ കഥ ആസ്പദമാക്കി നിര്‍മിക്കുന്ന ഈ ചിത്രത്തിലേക്ക് വടക്കന്‍ പാട്ടിന്റെ തനതു ശൈലിയില്‍ ഗാനങ്ങള്‍ രചിക്കാന്‍ കഴിയുന്നവരില്‍ നിന്ന് രചന ക്ഷണിച്ചിട്ടുണ്ട്.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo