Monthly Archives: June 2011

പഞ്ചഭുതം

പുതുമുഖനായകന്‍ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചഭുതം. ചിത്രത്തിന്റെ പൂജ ഹോട്ടല്‍ സരോവരത്തില്‍ നടന്നു. ഫിലീം പീപ്പില്‍ ഇന്ത്യയുടെ ബാനറില്‍ സുനില്‍ കുമാര്‍ പി.എസ്.ആര്‍. ചിത്രം നിര്‍മ്മിക്കുന്നു. പുതുമുഖങ്ങളായ റാഫി, ജിമ്മി, സാജന്‍, ബെന്‍സിന്‍, സലീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈഗയാണ് നായിക. ജഗതി, സുരാജ്, സലീംകുമാര്‍, കേപ്റ്റന്‍ രാജു, ശ്രീജിത്ത് രവി, ജനാര്‍ദ്ദനന്‍, കെ.പി.എ.സി. ലളിത തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. തിരകഥ സാജന്‍ മേനോന്‍, ക്യാമറ സനീഷ് ബോസ്. മ്യൂസിക് കൈതപ്രം വിശ്വനാഥന്‍. ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ജൂലൈ പത്തിന് ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിക്കും.

ത്രീ കിംഗ്‌സ് ജൂലൈ 1ന്

അഞ്ചുപ്രാവശ്യം റിലീസിംഗ് മാറ്റി വച്ച ത്രി കിംഗ്‌സ് ഒടുവില്‍ ജൂലൈ ഒന്നിന് തിയേറ്ററുകളില്‍ എത്തുന്നു. വി. കെ. പ്രകാശാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ മൂന്ന് രാജാക്കന്മാരായി എത്തുന്നത്. ഇവര്‍ക്കുപുറമെ സംവൃതാ സുനില്‍, കാതല്‍ സന്ധ്യ, അനു അഗസ്റ്റിന്‍, തുടങ്ങിയവരും പ്രധാനപ്പെട്ട റോളില്‍ എത്തുന്നു. തിരക്കഥ രചിച്ചിരിക്കുന്നത് വൈ. വി. രാജേഷ് ആണ്. മമ്മൂട്ടിയുടെ 1993 ബോംബെ 12, സിബി മലയിലിന്റെ വയലിന്‍ എന്നീ സിനിമകളും ത്രി കിംഗ്‌സിനൊപ്പം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

ശ്രീശാന്ത് വെള്ളിത്തിരയിലെത്തുന്നു

ക്രിക്കറ്റ്താരം ശ്രീശാന്ത് ആദ്യമായി വെള്ളിത്തിരയിലെത്തുന്നു. നിരവധി പരസ്യചിത്രങ്ങളിലും മറ്റും അഭിനയിച്ചിട്ടുള്ള ശ്രീക്ക് ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ‘മഴവില്ലനറ്റം വരെ’ എന്ന ചിത്രത്തിലൂടെയാണ് ശ്രീ അഭ്രപാളിയിലെത്തുന്നത്.

അബ്ബാസ് ഹസ്സന്‍ നായകനും അര്‍ച്ചന കവി നായികയുമാവുന്ന ചിത്രത്തില്‍ മധു, സലീംകുമാര്‍, സായികുമാര്‍, മാമുക്കോയ, കവിയൂര്‍ പൊന്നമ്മ തുടങ്ങി വന്‍ താരനിര തന്നെയുണ്ട്. കൈതപ്രത്തിന്റെ കഥക്ക് ടി.എ റസാക്ക് ആണ് തിരക്കഥയെഴുതിയിരിക്കുന്നത്.

ക്രാക്ക്ജാക്ക്

ലോലിപ്പോപ്പിനും ഗുലുമാലിനും ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം വരുന്നു. ക്രാക്ക്ജാക്ക് എന്നു പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ടിവിനാണ് സംവിധാനം ചെയ്യുന്നത്. സംവിധായകരായ റാഫി- മെക്കാര്‍ട്ടിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തുവരികയായിരുന്നു ടിവിന്‍. സംവിധായകന്‍ ഷാഫിയുടെ കഥയ്ക്ക് ജെ.പള്ളാശേരിയാണ് തിരക്കഥ തയ്യാറാക്കുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ രണ്ടു നായികമാരുമുണ്ട്.

കുഞ്ചാക്കോയും ജയസൂര്യയും ഇന്ദ്രജിത്തും അഭിനയിക്കുന്ന 3കിംഗ്‌സ് ഈ ആഴ്ച തീയേറ്ററിലെത്തും.

പൃഥ്വിരാജിന് നായികമാരായി അഞ്ചു സുന്ദരികള്‍

ജോണി ആന്റണിയുടെ പുതിയ ചിത്രമായ മാസ്‌റ്റേഴ്‌സില്‍ പൃഥ്വിരാജിന് നായികമാരായി അഞ്ചു സുന്ദരികള്‍ വരുന്നു. സുബ്രഹ്മണ്യപുരം ഫെയിം ശശികുമാര്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കോ, ഗോവ എന്നീ ചിത്രങ്ങളില്‍ നായികയായ പിയ, അനന്യ എന്നിവരാണ് രണ്ടു നായികമാര്‍ എന്നു ഉറപ്പായിട്ടുണ്ട്.

സിന്‍സിയര്‍ സിനിമയുടെ ബാനറില്‍ ശരത്ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജിനു ഏബ്രഹാമിന്റേതാണ്. മധു നീലകണ്ഠന്‍ ക്യാമറയും പട്ടണം റഷീദ് ചമയവും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ പൂജ അടുത്തയാഴ്ച നടക്കും.

വിമല രാമന്‍ ബോളിവുഡിലേക്കു ചേക്കേറുന്നു

ഗോവിന്ദയുടെ നായികയായി വിമല രാമന്‍ ബോളിവുഡിലേക്കു ചേക്കേറുന്നു. ഹാദ് അലി അബ്രാര്‍ സംവിധാനം ചെയ്യുന്ന ‘ആഫ്ര ടഫാരി’ എന്ന ചിത്രത്തിലൂടെയാണ് വിമലയുടെ ബോളിവുഡ് പ്രവേശം. സുനില്‍ ഷെട്ടി, ആര്യ ബബ്ബാര്‍, ഗുല്‍ഷന്‍ ഗ്രോവര്‍, മുഗ്ധാ ഗോഡ്‌സെ എന്നിങ്ങനെ നീണ്ട താരനിരയാണ് ആഫ്രടഫാരിയിലുള്ളത്. ജൂലായ് 17ന് മുംബൈയില്‍ ചിത്രീകരണം ആരംഭിക്കും. സുരേഷ്‌ഗോപി നായകാനായ ‘ടൈം’ എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം.
രണ്ടാമത്തെ സിനിമയായ ‘പ്രണയകാല’ത്തിലെ മരിയ വര്‍ഗീസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘നസ്രാണി’യിലൂടെ മമ്മൂട്ടിയുടെയും ‘കോളേജ് കുമാരനി’ലൂടെ മോഹന്‍ലാലിന്റെയും നായിക.ദീലിപ് ചിത്രങ്ങളായ ‘റോമിയോ’യിലും ‘കല്‍ക്കട്ട ന്യൂസി’ലും മികച്ച വേഷങ്ങള്‍. രണ്ടു വര്‍ഷമായി തെലുങ്കില്‍ വിമല രാമന്റെ പിന്നാലെ കാള്‍ഷീറ്റിനു വേണ്ടി സംവിധായകരും നിര്‍മാതാക്കളും തിരക്കു കൂട്ടുന്ന വേളയിലാണ് ബോളിവുഡില്‍ അവസരം ലഭിക്കുന്നത്. ഇതിനിടെ സോഹന്‍ റോയിയുടെ ‘ഡാം 999′ എന്ന ഹോളിവുഡ് സിനിമയിലും വേഷമിട്ടു.

റണ്‍വേക്കും രണ്ടാം ഭാഗം

ദിലീപിന്റെ റണ്‍വേക്കും രണ്ടാം ഭാഗം വരുന്നു. വാളയാര്‍ പരമശിവം എന്നാണ് പേര്. റണ്‍വേയിലെ നായകനാണ് അധോലോക രാജകുമാരനായ വാളയാര്‍ പരമശിവം. ആദ്യ ചിത്രത്തിലെപ്പോലെ ജോഷി തന്നെയാണ് സംവിധാനം. നായിക കാവ്യ മാധവനും. ആക്ഷന്‍ കോമഡി ചിത്രമായ വാളയാര്‍ പരമശിവം നിര്‍മിക്കുന്നത് ദിലീപ് തന്നെയാണ്.

“വീട്ടിലേക്കുള്ള വഴിക്ക് ” പുരസ്കാരം

ഡോ.ബിജു സംവിധാനം ചെയ്ത “വീട്ടിലേക്കുള്ള വഴി “ടാന്‍സാനിയയിലെ സാന്‍സിബാര്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടി. മികച്ച സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. നിരവധി വിദേശമേളകളില്‍ ചിത്രത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബി സി ജോഷി നിര്‍മിച്ച ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ബാലതാരം ഗോവര്‍ധന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഭീകരാക്രമണത്തില്‍ ഭാര്യയും കുട്ടിയും നഷ്ടപ്പെട്ട ഡോക്ടര്‍ അമ്മ നഷ്ടപ്പെട്ട കുട്ടിയെ തീവ്രവാദിയായ അച്ഛനെ ഏല്‍പ്പിക്കാനായി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടി. കെയ്റോ മേളയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു

അവളുടെ രാവുകള്‍ വീണ്ടും

എഴൂപതുകളുടെ അവസാനം കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ അവളുടെ രാവുകള്‍ എന്ന ചിത്രം ഐ വി ശശി പുനരാവിഷ്കരിക്കുന്നു. രതിനിര്‍വേദം റിമേക്കിന്റെ അലയൊലി കേരളത്തിലാകെ പടരുന്നതിനിടയിലാണ് അവളുടെ രാവുകളുടെയും വരവ്. ലിബര്‍ട്ടി ബഷീറുമൊത്താണ് ഐ വി ശശി പതിയ ചിത്രം നിര്‍മിക്കുന്നത്. പഴയ രാവുകളില്‍ സുകുമാരനു പകരം പുതിയ രാവുകളില്‍ മകന്‍ പൃഥ്വിരാജാണ് അഭിനയിക്കുന്നത്. സീമക്കു പകരം നടി ആരാകും?  പ്രിയാമണി, അനുഷ്ക തുടങ്ങി പേരുകള്‍ പലതാണ്.

ലോഹിതദാസിന്റെ ഓര്‍മകള്‍ക്ക് 2 വയസ്സ്

മലയാളസിനിമയെ സര്‍ഗമ്പന്നമാക്കിയ ലോഹിതദാസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 2 വയസ്സ്. ഭരതനും പത്മരാജനും ശേഷം ജീവിതഗന്ധിയായ തിരക്കഥ അഭ്രപാളിയില്‍ ജീവന്‍ കൊരുത്തത് കരുണാകരന്‍ ലോഹിതദാസ് ആണ്. വെള്ളിത്തിരയുടെ ഭ്രമാത്മകലോകത്തേക്ക് ജീവിത യാഥാര്‍ത്ഥ്യത്തിന്റെ നനവും തീക്ഷ്ണതയും കലര്‍ന്ന കഥാപാത്രങ്ങളെയാണ് ലോഹിതദാസ് വരച്ചുകാട്ടിയത്. 1955 മേയ് പത്തിന് ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിലാണ് ജനനം. സിന്ധു ശാന്തമായൊഴുകുന്നു എന്ന നാടകത്തിലൂടെ ചെറുകഥാകൃത്തില്‍ നിന്ന് നാടകകൃത്തിലേക്ക് കൂടുമാറ്റം. തിലകന്റെ പിന്തുണയില്‍ ചലച്ചിത്രലോകത്തെത്തിയ ലോഹിതദാസിന്റെ തൂലികയില്‍ ആദ്യം പിറന്നത് തനിയാവര്‍ത്തനത്തിന്റെ തിരക്കഥ. ലോഹിതദാസ് ഓര്‍മച്ചെപ്പിലേക്ക് മറഞ്ഞപ്പോള്‍ സര്‍ഗസമ്പന്നതയുടെ വസന്തകാലമാണ് മലയാളസിനിമയ്ക്ക് നഷ്ടപ്പെട്ടത്.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo