Monthly Archives: April 2011

ജോഷിയുടെ സെവന്‍സ്‌

സൂപ്പര്‍താരങ്ങളെ അണിനിരത്തി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കി മലയാള സിനിമയില്‍ അദ്ഭുത തരംഗം സൃഷ്ടിക്കുന്ന പ്രശസ്ത സംവിധായകന്‍ ജോഷി ആദ്യമായി യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സെവന്‍സ്.  കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, വിനീത് കുമാര്‍, രജത് മേനോന്‍, വിജീഷ്, അജു വര്‍ഗീസ് എന്നീ ഏഴ് യുവനടന്‍മാരാണ് സെവന്‍സില്‍ നായകന്‍മാരായി പ്രത്യക്ഷപ്പെടുന്നത്. ഭാമയും റിമ കല്ലുങ്കലും നായികമാരാവുന്നു. ഉത്തരാ സ്വയംവരം, ആത്മകഥ എന്നീ ചിത്രങ്ങള്‍ക്കുശേഷം പവിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് പവിത്രം, ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിനുശേഷം സിയോണ്‍ ഇന്റര്‍ നാഷണലിന്റെ ബാനറില്‍ സജയ് സെബാസ്റ്റിയന്‍ എന്നിവര്‍ നിര്‍മിക്കുന്ന സെവന്‍സിന്റെ തിരക്കഥ, സംഭാഷണം ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്.  ഛായാഗ്രഹണം – അജയന്‍ വിന്‍സന്റ്, സംഗീതം – ബിജി ബാല്‍

വൈഡൂര്യം ചിത്രീകരണം പുരോഗമിക്കുകയാണ്

altഭരതന്‍, പത്മരാജന്‍ എന്നീ പ്രശസ്ത സംവിധായകര്‍ക്കൊപ്പം സഹകരിച്ച ശശീന്ദ്ര കെ ശങ്കറിന്റെ വൈഡൂര്യം പാലക്കാട് ചിത്രീകരണം പുരോഗമിക്കുകയാണ്. അനുഗ്രഹ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ശ്രേയ എന്റര്‍ടെയ്ന്‍മെന്റ് അവതരിപ്പിക്കുന്ന ചിത്രം വിത്സന്‍ നന്മണ്ട നിര്‍മിക്കുന്നു.ശ്രീക്കുട്ടനായി നീലത്താമരയിലൂടെ ശ്രദ്ധേയനായ കൈലാഷ് അഭിനയിക്കുമ്പോള്‍ ഗായത്രിയാവുന്നത് പുതുമുഖം നക്ഷത്രയാണ്. ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായി നിറഞ്ഞു നിന്നിരുന്ന സുമിത്രയുടെ മകളാണ് നക്ഷത്ര. കന്നടയില്‍ വിജയ് രാജേന്ദ്രയുടെ ഗോകുല എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടക്കം കുറിച്ച നക്ഷത്രയുടെ ആദ്യ മലയാള ചിത്രമാണ് വൈഡൂര്യം. കൈലാഷിന്റെ അമ്മയായി സുമിത്രയും കാമുകിയായി നക്ഷത്രയും അഭിനയിക്കുന്നു. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സായ്കുമാര്‍, വിജയരാഘവന്‍, റിസബാവ, ശ്രീരാമന്‍, മാമുക്കോയ, ബാബുരാജ്, സ്ഫടികം ജോര്‍ജ്, നെടുമ്പ്രം ഗോപി, ഡോക്ടര്‍ ബഷീര്‍, മന്‍രാജ്, കുളപ്പുള്ളി ലീല എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സതീഷ് നാരായണന്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കിഷോര്‍ കെ ശങ്കര്‍ നിര്‍വഹിക്കുന്നു. ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്രവര്‍മ, ബിച്ചുതിരുമല, ശശീന്ദ്ര കെ ശങ്കര്‍ എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. കെ ജെ യേശുദാസ്, മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ്, വിധുപ്രതാപ്, ചിത്ര, സുജാത, സിസിലി എന്നിവര്‍ ആലപിച്ച ഗാനങ്ങളാണ് ഈചിത്രത്തിലുള്ളത്.

മാതൃവന്ദനം

altഒരു ജോലിക്കു പോലും പോകാനാവാതെ മനോദൗര്‍ബല്യമുള്ള മകനെ ചേര്‍ത്തു പിടിച്ച് കടത്തിണ്ണകളില്‍ ഉറങ്ങിയിരുന്ന മാതാവിന്റെ കഥ സിനിമയാകുന്നു. നാല്‍പ്പതു വര്‍ഷത്തോളം തൃശ്ശൂരിന്റെ ദിനചര്യയായി മാറിയ ഈ അമ്മയുടെയും മകന്റെയും കഥ നവാഗത സംവിധായകനായ എ.കെ. ദേവരാജനാണ് ‘മാതൃവന്ദനം’ എന്ന പേരില്‍ ചിത്രീകരിക്കുന്നത്. സരസ്വതിയമ്മാളായി സുകുമാരിയും രാജുവായി ജഗതി ശ്രീകുമാറും അഭിനയി ക്കുന്നു. മുപ്പതു വര്‍ഷത്തിലധികമായി സംവിധായകനു സരസ്വതി അമ്മാളിനെയും മകനെയും അറിയാം. തൃശ്ശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് ദേവരാജന്‍ സംവിധാനത്തില്‍ ഡിപ്ലോമ നേടിയത്. 1982-84 കാലഘട്ടമായിരുന്നത്. കെപിഎസി ലളിത, സൈജു കുറുപ്പ്, ഊര്‍മ്മിള ഉണ്ണി, കൃഷ്ണന്‍ പോറ്റി, മാടമ്പ് കുഞ്ഞിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരി പ്പിക്കുന്നത്. ഭാരതി ഫിലിംസിന്റെ ബാനറില്‍ ദേവരാജന്‍ നിര്‍മാണവും സംവിധാനം നിര്‍വഹിക്കുന്ന മാതൃവന്ദനത്തിന്റെ രചന മാടമ്പ് കുഞ്ഞിക്കുട്ടനാണ്.

‘ട്രാക്ക്

alt‘അനാമിക എന്ന ചിത്രത്തിനു ശേഷം കെപിവി ഫിലിംസിന്റെ ബാനറില്‍ കെ.പി. വേണു, ഏബ്രഹാം ലിങ്കണ്‍ എന്നിവര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ട്രാക്ക്. എറണാകുളം റിനൈസന്‍സ് ഹോട്ടലില്‍ വച്ച് പ്രശസ്ത ജ്യോതിഷനായ സുകുമാരന്‍ തന്ത്രി നിലവിളക്കിലെ ആദ്യതിരി തെളിയിച്ച് പൂജാകര്‍മത്തിനു തുടക്കം കുറിച്ചു. ചലച്ചിത്ര – കായിക – രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുകേഷ്, ജഗതി, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, നിവിന്‍ പോളി, ശ്രാവണ്‍, അനീഷ് മേനോന്‍, നിയാസ്, റോബിന്‍, അംബികാ മോഹന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ട്രാക്കില്‍ പ്രത്യക്ഷപ്പെടുന്നു. സിദ്ധിഖ് താമരശേരി തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രീജിത് മഞ്ചേരി ആണ്. വയലാര്‍ ശരത്ചന്ദ്ര വര്‍മ, എം.പി. വേണു എന്നിവരുടെ വരികള്‍ക്ക് നവാഗതനും പ്രശസ്ത സിത്താറിസ്റ്റ് പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യനുമായ സുമോദ് ശ്രീധര്‍ ഈണം പകരുന്നു. മധു ബാലകൃഷ്ണന്‍, ഫ്രാങ്കോ, രഞ്ജിനി ജോസ് എന്നിവരാണ് ഗായകര്‍.

ചാപ്പക്കുരിശില്‍ രമ്യാനമ്പീശന്‍, റോമ നായികമാര്‍

സമീര്‍താഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ചാപ്പാക്കുരിശില്‍ രമ്യാനമ്പീശന്‍, റോമഎന്നിവര്‍ നായികമാരാകും. വെറുതേ ഒരു ഭാര്യയിലൂടെ ശ്രദ്ധേയയായ ബാലതാരം നിവേദിതയാണ് മറ്റൊരു നായിക. നിവേദിത നായികയാവുന്ന ആദ്യചിത്രം കൂടിയാവും ചാപ്പാക്കുരിശ്. ഒരു നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചാപ്പയും കുരിശും ഇതള്‍ വിരിയുന്നത്. അര്‍ജുന്‍, അന്‍സാരി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനീത് ശ്രീനിവാസന്‍, ഫഹദ്ഫാസില്‍ എന്നിവരാണ് നായകന്‍മാര്‍. ട്രാഫിക് എന്ന ഹിറ്റ്ചിത്രത്തിന് ശേഷം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റണ്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ചാപ്പാക്കുരിശ്. ഉണ്ണി.ആര്‍ ആണ് തിരക്കഥാകൃത്ത്.


മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍

പ്രശസ്ത തിരക്കഥാകൃത്ത് മോഹന്‍ലാലിന് വേണ്ടി തിരക്കഥ എഴുതുന്നു. മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ടാക്കീസ് എന്നതാണ് ചിത്രത്തിന്റെ പേര്. ദാദസാഹിബ്, താണ്ഡവം, ഫൈവ് ഫിംഗേഴ്‌സ്, സ്വര്‍ണ്ണം, ശിക്കാര്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് സുരേഷ് ബാബു. അച്ഛനും മകനുമായാണ് മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ എത്തുന്നത്. ഗ്രാമീണപശ്ചാത്തലമാണ് ചിത്രത്തിന്.

സൂപ്പര്‍സ്്റ്റാര്‍ മോഹന്‍ലാലും പഴയകാലനായിക ഷീലയും ഒ്ന്നിച്ചഭിനയിക്കുന്നു

altസത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയചിത്രത്തില്‍ മോഹന്‍ലാലും ഷീലയും ആദ്യമായി ഒരു ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്നു. രണ്ടുപേരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പത്മപ്രിയയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ്മാസം അവസാനവാരം ആരംഭിക്കും. ആഷിര്‍വാദ് ഫിലീംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു. ബിജുമേനോന്‍, ഇന്നസെന്റ്, മാമുക്കോയ, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാട് തന്നെയാണ് ഷീലയെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് കൊണ്ടുവന്നത്. കൂടാതെ തെന്നിന്ത്യല്‍ സൂപ്പര്‍നായികയായ നയന്‍താരയും ഈ ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

വാദ്യാരായി ജയസൂര്യ

യുവനായകര്‍ അവരുടെ പുതിയ സിനിമകളില്‍ അധ്യാപകവേഷങ്ങളില്‍ എത്തുന്നു. മാണിക്യക്കല്ലില്‍ പൃഥ്യീരാജ് തന്റെ വേഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. പുതിയ ചിത്രമായ വാദ്യാരില്‍ ജയസൂര്യയും അദ്ധ്യാപകനായി വേഷമിടുന്നു. ഈ സിനിമയില്‍ എം.ബി.എക്കാരനാവാന്‍ ആഗ്രഹിച്ചെങ്കിലും അധ്യാപകനാവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അനൂപ്കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സ്‌കൂളിലെ പ്രധാന അധ്യാപികയുടെ വേഷത്തിലെത്തുന്നത് മേനകയാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംവിധാനം നിധീഷ് ശക്തിയും തിരക്കഥ രാജേഷ് രാഘവനും ആണ് നിര്‍വഹിക്കുന്നത്. ബിജുമേനോന്‍, നെടുമുടിവേണു, വിജയരാഘവന്‍, ബിജുക്കുട്ടന്‍, സുരാജ്, അനില്‍ മുരളി, ഉര്‍വശി, കല്പന, വനിത തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.

വീരപുത്രനില്‍ നരേന്‍

പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രനില്‍ നരേന്‍ നായകനാകുന്നു. കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ വേഷത്തിലാണ് നരേന്‍ അഭിനയിക്കുന്നത്. നേരത്തെ പൃഥ്വിരാജിനെയാണ് നായകനായി തീരുമാനിച്ചിരുന്നത്. മെയ് ഒമ്പതിന് കോഴിക്കോട്ട് ഷൂട്ടിംഗ് തുടങ്ങും. റീമാസെന്‍, ജയ്‌സൂര്യ, സിദ്ധിഖ്, മണിക്കുട്ടന്‍, അനൂപ് മേനോന്‍, അനൂപ് ചന്ദ്രന്‍, മാമുക്കോയ, ശ്വേത മേനോന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

രഘുവിന്റെ സ്വന്തം രസിയ

യക്ഷിയും ഞാനും എന്ന സിനിമയ്ക്കുശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന രഘുവിന്റെ സ്വന്തം റസിയ മലയാളത്തിലും തമിഴില്‍ കാതല്‍ വേദ വുമായി ഏപ്രില്‍ 29ന് തിയ്യേറ്ററുകളിലെത്തും. സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പു മുസ്ല്യാരായി ചാരുഹാസനും കുപ്പന്‍ ഭാഗവതര്‍ എന്ന ശ്ക്തമായ കഥാപാത്രമായി തിലകനും വേഷമിടുന്നു. ഗൗതം, സ്ഫടികം ജോര്‍ജ്,സുധീര്‍ നായര്‍, കൊല്ലം ജി.കെ.പിള്ള, സജി, ഷാജി മാവേലിക്കര, മുന്‍ഷി, രഞ്ജിത്ത്, ജോര്‍ജ് മാമ്പള്ളി, ഗിരിജാ രവീന്ദ്രന്‍, റോസ്ലിന്‍, സുനിത, ലക്ഷ്മി മേനോന്‍, സരിഗ, കോട്ടയം ലക്ഷ്മി, റിയ, ചന്ദ്രലേഖ തുടങ്ങിയവരും അഭിനയിക്കുന്നു. മേഘ്‌ന രാജാണ് നായിക. പുതുമുഖം മുരളീകൃഷ്ണയാണ് നായകന്‍. ആകാശ് ഫിലീംസ് അവതരിപ്പിക്കുന്ന ഈ ചിത്രം ആര്‍. ഹരികുമാറാണ് നിര്‍മ്മിച്ചിരിക്കുന്നത്. അഡ്വ. മണിലാലും വിനയനും ചേര്‍ന്ന് ഒരുക്കിയ തിരക്കഥ വിനയന്‍ സംവിധാനം ചെയ്യുന്നു. ആകാശ് റിലീസ് രസിക ശ്രീമൂവീസും ഈ ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കും.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo