
മലയാള സിനിമക്ക് വീണ്ടും നേപ്പാള്‍ ലൊക്കേഷനാകുന്നു. യോദ്ധാ എന്ന ചിത്രമായിരുന്ന ഇതിനു മുമ്പ് നേപ്പാളില്‍ ചിത്രീകരിച്ച ചിത്രം. ഇപ്പോള്‍ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ സുനില്‍ സംവിധാനം ചെയ്യുന്ന ലക്കി ജോക്കേഴ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നു. തമിഴിലെ പ്രശസ്ത നിര്‍മ്മാതാവായ ഓസ്‌കാര്‍ രവിചന്ദ്രനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അനൂപ് മേനോന്‍, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് താരങ്ങള്‍. ഭരണി.കെ.ധരനാണ് കാമറ ഒരുക്കുന്നത്. മധു, ജഗതി, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, സായികുമാര്‍, ജയന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സാജു കൊടിയന്റെ തിരക്കഥയാണ് ചിത്രത്തിന്റേത്. ശ്രീകുമാരന്‍ തമ്പി, രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു.





വിനുമോഹന്‍, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനില്‍ കാരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ തിരക്കിനിടയില്‍. സ്വരപൂജക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജുതോമസ് ആലുങ്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായി പുരോ ഗമിക്കുന്നു.കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍, ഷാജു, ജനാര്‍ദ്ദനന്‍, കലാ ഭവന്‍ ഷാജോണ്‍, വിദ്യ, അഞ്ജന, ജ്യോതി, കെ.പി.എ.സി ലളിത, ഗീതാ വിജയന്‍, ശോഭാ മോഹന്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് ഈ തിരക്കിനിടയിലെത്തുന്ന മറ്റു പ്രമുഖ താരങ്ങള്‍. നര്‍മ്മത്തിന് പ്രധാന്യം നല്‍കിയാണ് ‘ഈ തിരക്കിനിടയില്‍’ എന്ന ചിത്രത്തില്‍ അനില്‍കാരക്കുളം ദൃശ്യവത്കരിക്കുന്നത്. അനന്തപത്ഭനാഭനായി വിനുമോഹന്‍ അഭിനയിക്കുമ്പോള്‍ ജോബിയായി കൃഷ്ണയും സാവിത്രി അന്തര്‍ജ്ജനമായി മുക്തയും അഭിനയിക്കുന്നു. പി.ആര്‍ അജിത്ത് കുമാര്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍പു മണി നിര്‍വഹിക്കുന്നു. അജിത്ത് കുമാര്‍ എഴുതിയ വരികള്‍ക്ക് രവീന്ദ്രന്‍ പൈങ്ങോട്ട് സംഗീതം പകരുന്നു.
ഷാജി കൈലാസ് -എസ്.എന്‍ സ്വാമി -മമ്മൂട്ടി ടീം ഒന്നിക്കുന്ന ഓഗസ്റ്റ് പതിനഞ്ചിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓഗസ്റ്റ് ഒന്ന് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച പെരുമാള്‍ എന്ന കഥാപാത്രമായി വീണ്ടും മമ്മൂട്ടി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ തന്നെ പ്രതീക്ഷിക്കാം. ആഗസ്റ്റ് ഒന്നിന്റെ രണ്ടാംഭാഗമല്ല മറിച്ച് ഓഗസ്റ്റ് ഒന്നിലെ പെരുമാള്‍ എന്ന കഥാപാത്രമാണ് ഇവിടെ വീണ്ടും അവതരിപ്പിക്കപ്പെടുന്നത്. കാലത്തിന്റെ മാറ്റം പെരുമാളിന്റെ കഥാപാത്രത്തിലുമുണ്ടാകും. സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പുതിയ കാലഘട്ടത്തില്‍ കുറ്റാന്വേഷണത്തിന് സൈബര്‍ സെല്‍ നല്‍കുന്ന സംഭാവനകളും ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥയായ ലക്ഷ്മി ഈ സിനിമയിലെ പ്രധാന കഥാപാത്രമാണ്. മേഘ്‌നാരാജാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ വധശ്രമവുമായി ബന്ധപ്പെട്ട് തന്നെയാണ് ഇത്തവണയും പെരുമാള്‍ അന്വേഷണവുമായി എത്തുന്നത്. രചന -എസ്.എന്‍ സ്വാമി, ഛായാഗ്രഹണം – പ്രദീപ് നായര്‍, എഡിറ്റിംഗ് – ഭൂമിനാഥന്‍, മേക്കപ്പ് – റോഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സിദ്ദുപനക്കല്‍. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.മണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ജോലിക്കിടയില്‍ പരുക്ക് പറ്റുക സ്വാഭാവികം. അതുപോലെ തന്നെ സ്‌പോര്‍ട്‌സിലും പരിക്കേല്‍ക്കുന്നത് അസാധാരണമല്ല. എന്നാല്‍ സിനിമാ ഷൂട്ടിംഗിനിടെ പരുക്ക് പറ്റുക എന്നത് അപൂര്‍വ്വവും അസാധാരണവുമാണ്. അതാണ് മലയാളസിനിമയില്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒട്ടേറ പ്രമുഖരും അല്ലാത്തവരുമായ ആര്‍ട്ടിസ്റ്റുകള്‍ക്ക് പരുക്ക് പറ്റി. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളും ഇതില്‍പ്പെടും. ഇതാ അവസാനമായി ദിലീപിനും പറ്റി മുറിവ്. ഓര്‍മ്മ മാത്രം എന്ന ദിപീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചത്. സിനിമയിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ശരീരത്തില്‍ ഷെല്‍ വര്‍ഷിച്ചതാണ് പരിക്കിന് കാരണം. ബോംബ് സ്‌ഫോടനം ചിത്രത്തിന്റെ കാതലായ ഭാഗമാണ്. തന്റെ ഒരേ ഒരു മകന്റെ തിരോധാനത്തിന് കാരണമായ ബോംബ് സ്‌ഫോടനത്തിനിടെയാണ് ദിലീപിന് പരുക്ക് പറ്റുന്നത്. പ്രിയങ്കയാണ് ദിലീപിന്റെ നായിക. മധുകൈതപ്രമാണ് ചിത്രത്തിന്റെ സംവിധായകന്‍. ഏകാന്തം, മധ്യവേനല്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം.