Monthly Archives: December 2010

മധു കൈതപ്രം സംവിധാനം ചെയ്യുന്ന ഓര്‍മ്മ മാത്രം

നസ്രാണി എന്ന ബിഗ് ബജറ്റ് ചിത്രത്തിനു ശേഷം ഹൊറൈസണ്‍ എന്‍ര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ എം.രാജന്‍ (ദോഹ) നിര്‍മ്മിച്ച് മധു കൈതപ്രം സംവിധാനം ചെയ്യുന്ന ഓര്‍മ്മ മാത്രം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ പള്ളിയങ്കണത്തില്‍ വെച്ച് സംവിധായകന്‍ ശശിപരവൂര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചതോടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ദിലീപും ധന്യാമേരി വര്‍ഗീസുമാണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്. ഷാഫിയുടെ മേരിക്കുണെ്ടാരു കുഞ്ഞാട് എന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കാനായി എത്തിയത്. രൂപത്തില്‍ വളരെ സാധാരണത്വമാണ് ഓര്‍മ്മ മാത്രം എന്ന ചിത്രത്തില്‍ ദിലീപിന്. അജയന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ധന്യാമേരി വര്‍ഗീസ് കാതറിന്‍ എന്ന അധ്യാപികയായി അഭിനയിക്കുന്നു. ആംഗ്ലോ ഇന്ത്യന്‍ യുവതിയാണ് കാതറിന്‍.

നിദ്ര റീമേക്കില്‍ റീമ കല്ലുങ്കല്‍

ഭരതന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നിദ്ര’ മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ പുനരാവിഷ്‌കരിക്കുന്നു. ‘സുഹൃത്ത്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനവരി 5ന് ആറന്മുളയില്‍ തുടങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. 1981-ല്‍ റിലീസായ നിദ്രയില്‍ കെപിഎസി ലളിത ചെയ്ത റോള്‍ ഈ സിനിമയിലും അവര്‍ തന്നെ ചെയ്യും. അച്ഛന്‍ ചെയ്ത ചിത്രം പുനരാവിഷ്‌കരിച്ചുകൊണ്ട് സംവിധാന രംഗത്തേക്ക് വരുന്നതില്‍ അമ്മ അഭിനയിക്കുന്നത് ആഹ്ലാദം പകരുന്നു എന്നും സിദ്ധാര്‍ഥ് പറഞ്ഞു.  ശാന്തികൃഷ്ണയുടെ റോള്‍ റിമ കല്ലിങ്കലും വിജയ് മേനോന്‍ ചെയ്ത കഥാപാത്രത്തെ മനുവും അവതരിപ്പിക്കും. വിനു കിരിയത്ത് തിരക്കഥയില്‍ കാലികമാറ്റങ്ങള്‍ വരുത്തും. ജയേഷ് കുട്ടമത്താണ് സിനിമ നിര്‍മിക്കുന്നത്.

സേതുവിന്റെ ദേശത്തിന്റെ വിജയം സിനിമയാകുന്നു

പ്രശസ്ത സാഹിത്യകാരന്‍ സേതുവിന്റെ ദേശത്തിന്റെ വിജയം എന്ന ചെറുകഥയെ ആസ്പദമാക്കി ജോസ് ചാലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തില്‍ ശ്രീനിവാസന്‍ നായകനാകുന്നു. രതീഷ് സുകുമാരനും ജോ ചാലിശ്ശേരിയും തിരക്കഥയും സംഭാഷണവും രചിക്കുന്നു. ഗള്‍ഫ് മലയാളിയായ ബാബു ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് നിരവധി നായികമാരെ സമ്മാനിക്കുയും പുതുമയാര്‍ന്ന ചിത്രങ്ങള്‍ ഒരുക്കുകയും ചെയ്ത ഡേവിഡ് കാച്ചപ്പിള്ളിയാണ് സിനിമ അവതരിപ്പിക്കുന്നത്.

സബിത ജയരാജിന്റെ ചിത്രത്തില്‍ നായിക

മലയാളികള്‍ക്ക് ഒട്ടേറെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ച ജയരാജ് തന്റെ പുതിയ ചിത്രത്തില്‍ നായികയെ കണ്ടെത്തിയത് സ്വന്തം വീട്ടില്‍ നിന്നുതന്നെ. മറ്റാരുമല്ല, പ്രിയപത്‌നി സബിതയാണ് ജയരാജ് പുതിയതായി സംവിധാനം ചെയ്യുന്ന പകര്‍ന്നാട്ടം എന്ന സിനിമയില്‍ നായികയായി അഭിനയിക്കുന്നത്. നായകന്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരം ജയറാമും. സിനിമ 2011 ജനുവരി രണ്ടാംവാരം തിയേറ്ററില്‍ എത്തും. ഒരു കൃസ്ത്യന്‍ യുവാവിനെ സ്‌നേഹിക്കുന്ന ഹിന്ദു പെണ്‍കുട്ടി നേരിടുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സമകാലിക മാനുഷിക ദുരന്തമായ എന്‍ഡോസള്‍ഫാന്‍ കെടുതിയും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ജയരാജിന്റെ മറ്റൊരു സീരിയസ് സിനിമയാകും ഈ ചിത്രം.

സജിസുരേന്ദ്രന്റെ താമരശ്ശേരി ടു തായ്‌ലാന്റ്

സജിസുരേന്ദ്രന്‍ കൃഷ്ണപൂജപ്പുരയുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് താമരശ്ശേരി ടു തായ്‌ലാന്റ്. ഫാസിലിന്റെ മകന്‍ ഷാനുവും ആനുമാണ് നായികാനായകന്മാര്‍. താമരശ്ശേരിയില്‍ നിന്നുള്ള ഒരു കുടുംബം ബാങ്കോക്കിലെത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തുകാര്‍ വിദേശത്ത് എത്തിപ്പെടുമ്പോഴുണ്ടാകുന്ന വിശേഷങ്ങളാണ് നര്‍മ്മത്തില്‍ ചാലിച്ച് സിനിമയില്‍ കഥ പറയുന്നത്. മണിയന്‍ പിള്ള രാജുവാണ് സിനിമയുടെ നിര്‍മ്മാതാവ്. ഇന്നസെന്റ്, ജഗതി, നെടുമുടി, സുരാജ്, ലാലു അലക്‌സ്, സിദ്ദിഖ്, ബിജുമേനോന്‍, മണിയന്‍പിള്ള രാജു, ഗീതാവിജയന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

പുതുമുഖങ്ങള്‍ ക്രിസ്തുമസ് ചിത്രം

അമല്‍, അമീര്‍, സാന്റി, സിന്‍സില്‍ എന്നീ പുതുമുഖങ്ങളെ അണിനിരത്തി ഡോണ്‍ അലക്‌സ്-ബിജു മജീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതുമുഖങ്ങള്‍. സിനിമാ കൊട്ടകയുടെ ബാനറില്‍ പി. യെ. സലാവുദ്ദീന്‍ നിര്‍മ്മിക്കു്‌നന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം പ്രദീപ് കൂവുന്തറ എഴുതുന്നു. സുരാജ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, ലാലു അലക്‌സ്, മഹേഷ്, സിവജി ഗുരുവായൂര്‍, ജാഫര്‍ ഇടുക്കി, ഹെലന്‍, എയ്ഞ്ചല്‍ രജിത, ധീരാവിജയന്‍, ദീപിക, സോണിയ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കാര്‍ഷിക കോളേജില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ തങ്ങളുടേതല്ലാത്ത കുറ്റത്താല്‍ പുറത്താക്കപ്പെടുന്നു. തുടര്‍ന്നു കുറ്റം തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഈ ചിത്രം പകര്‍ത്തുന്നത്.

കരയിലേക്ക് ഒരു കടല്‍ ദൂരം തിയേറ്ററില്‍

എഴുത്തുകാരനായ അനൂപ് ചന്ദ്രന്റെ പുതിയ വെളിപാടില്‍ സ്വന്തം മരണം പ്രവചിക്കുന്നതോടെ അയാളില്‍ ഉണ്ടാകുന്ന ഉദ്വോഗജനങ്ങളായ മുഹൂര്‍ത്തങ്ങളാണ് വിനോദ് മങ്കര കരയിലേക്ക് ഒരു കടല്‍ ദൂരം എ്ന്ന ചിത്രത്തില്‍ ദൃശ്യവല്‍കരിക്കുന്നത്. ഐടിഎല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിമല്‍ വേണു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ജഗദീഷ്, ബിജുകുട്ടന്‍, ശ്രീരാമന്‍, അനൂപ് ചന്ദ്രന്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ടി.പി. മാധവന്‍, മംമ്ത മോഹന്‍ദാസ്, ലക്ഷ്മിശര്‍മ, ധന്യാ മേരി വര്‍ഗീസ്, സരയൂ, ഗീതാ വിജയന്‍, നിഷ സാരംഗ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. തിരക്കഥ വിനോദ് മങ്കര.

ട്രാഫിക് ക്രിസ്തുമസ് ചിത്രം

ഒരോ കാര്യത്തിനായി പുറപ്പെട്ട നാല് അപരിചിതര്‍ യാദൃശ്ചികമായി കണ്ടുമുട്ടുകയും അതിനെതുടര്‍ന്ന് ഒരു ലക്ഷ്യത്തിനായി നാലുപേരും പുറപ്പെടുന്ന വേയില്‍ ഉണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് രാജേഷ്പിള്ളയുടെ ട്രാഫിക് എന്ന ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസന്‍, റഹ്മാന്‍, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, അനൂപ് മേനോന്‍, വിജയകുമാര്‍, കൃഷ്ണ, സുദീപ് ജോഷി, റോണി, യദുകൃഷ്ണന്‍, ബൈജു, എഴുപുന്ന, പ്രേംലാല്‍, ബാലാജി, സന്തോഷ് കൃഷ്ണ, ജോസ് പ്രകാശ്, പ്രേംപ്രകാശ്, ജയകൃഷ്ണ, രമ്യാ നമ്പീശന്‍, സന്ധ്യ, റോമ, ലെന, അഞ്ജന മേനോന്‍, നീന, ബഷീര്‍, ഗീതാ വിജയന്‍, നമിത പ്രമോദ്, ചിത്ര ഷേണായി, നിമിഷ, മഹിമ, ഗൗരി കൃഷ്ണ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ബോബി സഞ്ജയ് തിരക്കഥ, സംഭാഷണമെഴുതുന്നു.

ലാലിന്റെ ടൂര്‍ണമെന്റ് ക്രിസ്തുമസിന്

പുതുമുഖങ്ങളെ അണിനിരത്തി ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ടൂര്‍ണ്ണമെന്റ് പ്ലേ ആന്റ് റീപ്ലേ’ ക്രിസ്തുമസിന് പ്രദര്‍ശനത്തിനെത്തുന്നു. ക്രിക്കറ്റ് സെലക്ഷനുവേണ്ടി ബാംഗ്ലൂരിലേക്ക് യാത്ര പുറപ്പെടുന്ന ആറ് ആണ്‍കുട്ടികളുടെയും ഒരു പെണ്‍കുട്ടിയുടെയും രസകരമായ അനുഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നു. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഫഹ്ദ് ഫാസില്‍, മനീഷ് ജോണ്‍, പ്രവീണ്‍, ആര്യന്‍, പ്രജന്‍, സലീംകുമാര്‍, ബുജുകുട്ടന്‍, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, വി.പി. രാമചന്ദ്രന്‍, പൊന്നമ്പലം, രൂപമഞ്ജരി എന്നിവര്‍ അഭിനയിക്കുന്നു.

മേരിക്കുണ്ടൊരു കുഞ്ഞാട് ക്രിസ്തുമസിന്

പഞ്ചപാവമായ സോളമന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ നര്‍മ്മപ്രധാനമായ ഇതിവൃത്തമാണ് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രം. ഗ്രാമാന്തരീക്ഷമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തന്റെ പ്രേമം സാക്ഷാത്കരിക്കാന്‍ സോളമന്‍ എന്ന നായകകഥാപാത്രനടത്തുന്ന സാഹസികതയാണ് നര്‍മ്മത്തില്‍ ചാലിച്ച് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സോളമനാകുന്നത് സൂപ്പര്‍സ്റ്റാര്‍ ദിലീപാണ്. ഷാഫിയാണ് സംവിധാനം. വൈശാഖസിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ബെന്ന്ി പി. നായരമ്പലം എഴുതുന്നു. ദിലീപിനെ കൂടാതെ ബിജുമേനോന്‍, ഇന്നസെന്റ്, വിജയരാഘവന്‍, സലീംകുമാര്‍, ആനന്ദ്, ചാലി പാല, കൊച്ചുപ്രേമന്‍, അപ്പഹാജ, കലാഭവന്‍ ഷാ ജോണ്‍, സാജു കൊടിയന്‍, ആനന്ദ്, ഭാവന, വിനയപ്രസാദ്, രഞ്ജുഷ മേനോന്‍, പൊന്നമ്മ ബാബു, അംബിക മോഹന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo