Monthly Archives: September 2010

ഇന്ദ്രജിത്തിന്റെ ചേകവര്‍

പെന്റഗണ്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗത സംവിധായകനായ സജീവന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ്  ചേകവര്‍. ഇന്ദ്രജിത്തും കലാഭവന്‍മണിയും രണ്ട്  പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു. കൊച്ചി നഗരത്തിന്റെ പേടി സ്വപ്‌നമായ ഗുണ്ടാ തലവനായി കലാഭവന്‍മണി എത്തുമ്പോള്‍ ഗുണ്ടാതലവനെ നേരിടാനെത്തുന്ന പോലീസ് ഓഫീസറായി എത്തുന്നത് ഇന്ദ്രജിത്താണ്, . സ്വന്തം സഹോദരിയെ ഗുണ്ടാനേതാവിന്റെ സഹോദരന്‍ സ്വന്തമാക്കാന്‍ മോഹിക്കുന്നിടത്താണ് ചേകവറിന്റെ സംഘര്‍ഷഭരിതമായ കഥയുടെ വഴിത്തിരിവ്. സുജിത്ത് വാസുദേവനാണ്  ഛായാഗ്രഹണം.സംവിധായകനായ സജീവന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇന്ദ്രജിത്തിനെയും കലാഭവന്‍മണിയെയും കൂടാതെ ശ്രീജിത്ത് രവി, സുബേര്‍, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, കൊല്ലം അജിത്ത്, അജയ്‌ ജോസ്, സരയു, സംവൃതാ സുനില്‍, രാജലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു.

 

കോക്ക്‌ടെയില്‍ ഒരുങ്ങുന്നു

ഗാലക്‌സി ഫിലിംസിനുവേണ്ടി മിലന്‍ ജലില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കോക്ക്‌ടെയില്‍.മൂന്ന് വ്യതസ്ത ജീവിത കഥകള്‍ ഉള്ളവര്‍ അവിചാരിതമായി  നഗരത്തില്‍ വെച്ച് കണ്ടുമുട്ടുന്നു.അവരുടെ ജീവിതത്തിന്റെ കഴിഞ്ഞകാലം തമ്മില്‍ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കുന്നിടത്താണ് കോക്ക്‌ടെയിലിന്റെ തുടക്കം.പ്രശ്‌സത സംവിധായകനായ പ്രിയദര്‍ശന്റെ  എഡിറ്റര്‍ അരുണ്‍ കുമാറാണ് ചിത്രത്തിന്റെ  സംവിധാനം. തിരക്കഥ അനൂപ് മേനോന്‍.ജയസൂര്യ, സംവൃത, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

തിക്കുറിശ്ശി ദേശീയ പുരസ്‌കാരം മോഹന്‍ലാലിന്

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് തിക്കുറിശ്ശി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ തിക്കുറിശ്ശി സുകുമാരന്‍നായര്‍ സ്മാരക ദേശീയ പുരസ്‌കാരം മോഹന്‍ലാലിന്. മലയാളസിനിമയിലെന്നതിലുപരി ഇന്ത്യന്‍ സിനിമയ്ക്കും നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് മോഹന്‍ലാലിന് അവാര്‍ഡ് നല്‍കുന്നതെന്ന് അവാര്‍ഡ് നിര്‍ണയസമിതിയംഗം ഇന്ദ്രബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടൊപ്പം ദൃശ്യമാധ്യമ, നാടക അവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച സീരിയല്‍ നടനായി നെടുമുടി വേണുവിനെ തിരഞ്ഞെടുത്തു.തിക്കുറിശ്ശിയുടെ ചിത്രം ആലേഖനം ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ അവസാന ആഴ്ച തിരുവനന്തപുരത്ത് സമ്മാനിക്കും.


ബെസ്റ്റ് ആക്ടറിന്റെ ചിത്രീകരണം പൂര്‍ത്തിയായി

അഭിനയമോഹിയായ അധ്യാപകനായി മമ്മൂട്ടി എത്തുന്ന ബെസ്റ്റ് ആക്ടറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ആന്റോ ജോസഫും നൗഷാദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. രചന ബിപിന്‍ ചന്ദ്ര. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ കൊച്ചിയില്‍ തുടങ്ങി.

വിധുപ്രതാപ് അഭിനയരംഗത്തേക്ക്‌

വിജയ്‌ യേശുദാസിനു പിന്നാലെ യുവഗായകനിരയിലെ മറ്റൊരാള്‍ കൂടി അഭിനയരംഗത്തേക്ക്‌. യുവഗായകന്‍ വിധു പ്രതാപാണ്‌ സംഗീതത്തിന്റെ വഴിമാറി അഭിനയത്തിലേക്ക്‌ എത്തുന്നത്‌. വിജയ്‌ യേശുദാസ്‌ വെള്ളിത്തിരയിലേക്കാണ്‌ ചുവടുവച്ചതെങ്കില്‍ വിധു മിനിസ്‌ക്രീനിലേക്കാണ്‌ എത്തുന്നത്‌ എന്നതുമാത്രമാണ്‌ വ്യത്യാസം. സംഗീതത്തിന്‌ പ്രാധാന്യം നല്‍കിക്കൊണ്ട്‌ ശ്രീകുമാരന്‍ തമ്പി ഒരുക്കുന്ന ‘പാട്ടിന്റെ പാട്ട്‌’ എന്ന ടെലിവിഷന്‍ സീരിയലിലാണ്‌ വിധു നായകനാകുന്നത്‌. ദരിദ്രനായ ഒരു യുവഗായകനെയാണ്‌ വിധു അവതരിപ്പിക്കുന്നത്‌. മറ്റു പരമ്പരകളില്‍ നിന്നും വ്യത്യസ്‌തമായി സംഗീതപ്രാധാന്യമുള്ള സീരിയലായിരിക്കും ഇത്‌.  ഒരു എപ്പിസോഡില്‍ കുറഞ്ഞത്‌ രണ്ടു പാട്ടുകളാകും ‘പാട്ടിന്റെ പാട്ടി’ലുണ്ടാവുക. സീരിയലിന്റെ ടൈറ്റില്‍ സോങ്‌ പാടിയിരിക്കുന്നത്‌ യേശുദാസാണ്‌. കഥയും തിരക്കഥയും സംവിധാനവും ശ്രീകുമാരന്‍ തമ്പി തന്നെയാണ്‌ നിര്‍വഹിക്കുന്നത്‌. 1991ല്‍ മോഹന്‍ലാല്‍ ചിത്രമായ പാദമുദ്രയില്‍ പാടിക്കൊണ്ടാണ്‌ പിന്നണി ഗാനരംഗത്തേയ്‌ക്ക ്‌വിധു കടന്നുവന്നത്‌. എന്നാല്‍ 1999ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രമായ നിറത്തിലെ ജനപ്രിയ ഗാനമായ ശുക്രിയ പാടിയതോടെയാണ്‌ വിധു ജനപ്രിയ ഗായകനായി മാറിയത്‌. പിന്നീട്‌ സൊല്ല മറന്ത കഥൈ എന്ന ചിത്രത്തിലൂടെ ഇളയരാജ വിധുവിനെ തമിഴിലും പരിചയപ്പെടുത്തിയിരുന്നു.

ദിലീപിന്റെ ദി മെട്രോ’

ട്വൊന്റ്‌റി 20, മലവാടി ആര്‍ട്‌സ് ക്ലബ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് അടുത്ത പ്രൊജക്ട് ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കും. ദി മെട്രോ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ ശരത്കുമാര്‍ സിഐ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വ്യാസന്‍ എടവനക്കാട് തിരക്കഥ രചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിബിന്‍ പ്രഭാകര്‍ ആണ്. ബിയോണ്‍, ഭഗത്, നിവിന്‍പോളി, സുരാജ്, അരൂണ്‍ എന്നിവര്‍ അഞ്ച് സുഹൃത്തുകളുടെ വേഷം ചെയ്യുന്നു. തിരുവില്ല്വമലയില്‍ നിന്നും തങ്ങളുടെ സ്വദേശത്തേക്കുള്ള യാത്രയില്‍ ഈ സ്‌നേഹിതര്‍ ഏറണാകുളം ടൗണില്‍ ചുറ്റികറങ്ങുകയും അവിടെ വച്ചുണ്ടാകുന്ന സംഭവബഹുലമായ വിശേഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒറ്റപ്പാലം, കൊച്ചി, വാഗമണ്‍ എന്നിവിടങ്ങളായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിക്കുന്നു. ഗാനരചന രാജീവ് ആലുങ്കല്‍. ശ്രീശ്രീറാം ക്യാമറ.

കൂട്ടുകാര്‍ ഉടന്‍

പോള്‍കോ ഫിലിംസിന്റെ ബാനറില്‍ അന്നമ്മ പൗലോസ് പാണ്ടിക്കാട് നിര്‍മ്മിച്ചു വിതരണം ചെയ്യുന്ന ‘കൂട്ടുകാര്‍’ സെപ്റ്റംബറില്‍ പോള്‍കോ ഫിലിംസ് റിലീസ് ചെയ്യുന്നു. സംവിധാനം: പ്രസാദ് വാളച്ചേരില്‍. കഥയും തിരക്കഥയും സംഭാഷണവും സതീഷ് ബാബു മഞ്ചേരി എഴുതുന്നു.  കോളേജ് ക്യാംപസിലെ രാഷ്ട്രീയഗുണ്ടായിസവും അതിലൂടെ ഉണ്ണി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളും ചിത്രീകരിക്കുന്ന കൂട്ടുകാരില്‍ വിനു മോഹന്‍, സൈജു കുറുപ്പ്, ശങ്കര്‍, ദേവന്‍, മാമുക്കോയ, അനൂപ് ചന്ദ്രന്‍, കലാശാല ബാബു, ടോണി, ശരണ്‍, സെഹിയോന്‍, നാരായണന്‍ കുട്ടി, സന്തോഷ്, കൊല്ലം അജിത്, മുരളി മോഹന്‍, വിമല്‍രാജ്, സാഗര്‍ഷിയാസ്, ഭാമ, ഊര്‍മിള ഉണ്ണി, അംബികാമോഹന്‍, പാര്‍വ്വതി, മാസ്റ്റര്‍ പ്രിന്‍സ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.  സി.മാരിമുത്തു ഛായാഗ്രഹണവും പി.സി. മോഹനന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ബിച്ചു തിരുമല, വാസു അരീക്കോട്, പുലിക്കോട്ടില്‍ ഹൈദരാലി എന്നിവരുടെ വരികള്‍ക്ക് എസ്.പി.വെങ്കിടേഷും സാം തോമസും സംഗീതം പകര്‍ന്നു. എം.ജി. ശ്രീകുമാര്‍, ഉണ്ണി മേനോന്‍, ജി.വേണുഗോപാല്‍, മധു ബാലകൃഷ്ണന്‍, സുജാത, രാജലക്ഷ്മി എന്നീ ഗായകര്‍.

ചരിത്രം കുറിച്ച് സോഹന്‍ലാല്‍ ചിത്രം

മലയാളത്തിന്റെ നാലു പ്രശസ്ത എഴുത്തുകാര്‍ ഒരു ചിത്രത്തിനായി ‘ഒന്നിക്കുന്നു’. ഒരു പ്രത്യേക വിഷയം ആസ്പദമാക്കി എഴുതപ്പെട്ട നാലു കഥകള്‍ കോര്‍ത്തിണക്കി സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി, എം.ടി.വാസുദേവന്‍ നായര്‍ എന്നിവര്‍ ഒരുമിക്കുന്നത്.
ഭാര്യാഭര്‍തൃബന്ധത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നാലു കഥകളുടെ ദൃശ്യഭാഷയാവും ഈ ചിത്രം. മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്തു വച്ച ആ നാലു കഥകള്‍ നാലു ഘട്ടങ്ങളായാവും ചിത്രീകരിക്കുന്നതും.

ഓര്‍ക്കൂട്ട്: റിമ കല്ലിങ്കല്‍ നായിക

ചലച്ചിത്രരംഗത്തെ പ്രമുഖരായ സിബി മലയിലിന്റെ മകന്‍ ജോ, ലാലു അലക്‌സിന്റെ മകന്‍ ബെന്‍, ശോഭ മോഹന്റെ മകന്‍ അനു, സ്റ്റില്‍ ഫൊട്ടോഗ്രഫര്‍ ഗോപാലകൃഷ്ണന്റെ മകന്‍ വിഷ്ണുരാഘവ് എന്നീ പുതുമുഖങ്ങളെ പ്രധാന താരങ്ങളാക്കി നവാഗതരായ മനോജ് വിനോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്. ഹൈബ്രിഡ് മള്‍ട്ടിപ്ലക്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മാത്യു ജേക്കബ്, വേണു, വിമല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ യുവനടി റിമ കല്ലിങ്കല്‍ നായികയാവുന്നു. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ,് അരുന്ധതി നാഗ്, സുരഭി, ലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്റെ ശിഷ്യന്‍ മനോജും വിനോദും ചേര്‍ന്നൊരുക്കുന്ന ഓര്‍ക്കൂട്ടിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിര്‍വ്വഹിക്കുന്നു. റഫീഖ്് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ലീലാ ഗിരീഷ്‌കുട്ടനാണ്. സമ്പന്നരായ മാതാപിതാക്കളുടെ മക്കള്‍; മെട്രോസിറ്റിയിലെ ഫഌറ്റ് സംസ്‌കാരത്തില്‍ അടിച്ചുപൊളിച്ചു ജീവിക്കുന്ന ആ നാലു സുഹൃത്തുക്കളുടെ സംഘത്തിലേക്ക് പുറമെനിന്ന് ഒരു പെണ്‍കുട്ടി എത്തുന്നതോടെ അവരുടെ ജീവിതത്തിലും വീക്ഷണത്തിലും ഉണ്ടാവുന്ന മാറ്റമാണ് ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്. ഹൈബ്രിഡ് മള്‍ട്ടിപ്ലക്‌സ് എന്റര്‍ടെയ്ന്‍മെന്റ് റിലീസ്.

ജയറാമിന്റെ കുടുംബശ്രീ ട്രാവല്‍സ്

ജയറാമിന്റെ പുതിയ ചിത്രമായ കുടുംബശ്രീ ട്രാവല്‍സിന്റെ ചിത്രീകരണം ഒറ്റപാലത്ത് ആരംഭിച്ചു. പുതുമുഖ സംവിധായകന്‍ കിരണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഭാവനയാണ് നായികാ കഥാപാത്രത്തെ അവതരിപ്പി്ക്കുന്നത്. വിന്റര്‍, ഹാപ്പി ഹസ്ബന്റ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവനയും ജയറാമും ഒന്നിക്കുന്ന ചിത്രമാണിത്. തോമസ് തൊപ്പിക്കൊടിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജഗതി, ജനാര്‍ദ്ദനന്‍, കെ.പി.എ.സി. ലളിത, കല്പന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വയലാര്‍ ശരത് ചന്ദ്രന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നിര്‍വ്വഹിക്കുന്നു. മൈത്രി വിഷന്‍ നിര്‍മ്മാണം ചെയ്യുന്ന കുടുംബശ്രീ ട്രാവല്‍സ് ജയറാമിന്റെ ക്രിസ്തുമസ് ചിത്രമായിരിക്കും.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo