Monthly Archives: August 2010

മുഹമ്മദ്‌ ആസിഫിനെ അഭിനയിപ്പിക്കില്ലെന്ന്‌ കൈതപ്രം

കോഴ വിവാദത്തില്‍ ആരോപണ വിധേയനായ പാകിസ്‌താന്‍ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ആസിഫിനെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന്‌ കൈതപ്രം. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന, തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയില്‍ പാകിസ്‌താനില്‍ നിന്നുള്ള ക്രിക്കറ്റ്‌ താരത്തെ അഭിനയിപ്പിക്കണമെന്ന്‌ ആഗ്രഹത്തെ തുടര്‍ന്നാണ്‌ ആസിഫിനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്‌. ഒക്‌ടോബര്‍ ആദ്യവാരം ഷൂട്ടിംഗ്‌ ആരംഭിക്കാനിരുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആസിഫ്‌ കേരളത്തില്‍ എത്തുമെന്ന്‌ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍ പെടുന്ന ആസിഫിനെ ഒഴിവാക്കാനാണ്‌ ഇപ്പോള്‍ തീരുമാനമെന്നും പാക്‌ സിനിമാ താരങ്ങളെ പകരം പരിഗണിക്കുമെന്നും കൈതപ്രം അറിയിച്ചു.

കാസര്‍ഗോഡ് കാദര്‍ഭായിക്ക് 2-ഭാഗം

ആലുംമൂടന്‍, സിദ്ദിഖ്, ജഗദീഷ്, ഇന്നസെന്റ്, അശോകന്‍, സുനിത തുടങ്ങിയവര്‍ അഭിനയിച്ച ഹിറ്റ് ചിത്രം കാസര്‍ഗോഡ് കാദര്‍ഭായിക്ക് രണ്ടാം ഭാഗം തയ്യാറാകുന്നു. തുളസിദാസാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. കലാഭവന്‍ അന്‍സാറിന്റെതാണ് കഥ. തിരക്കഥ കലൂര്‍ഡെന്നിസ്. പഴയ ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്കൊപ്പം പുതിയ താരങ്ങളും രണ്ടാംഭാഗത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുന്നു.

ദി മെട്രോയില്‍ ശരത് കുമാര്‍

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനുശേഷം ഗ്രാന്റ് പ്രൊഡെക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രമാണ് ദി മെട്രോ. വ്യാസന്‍ എടവനക്കാട് തിരക്കഥ, സംഭാഷണമൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിപിന്‍ പ്രഭാകര്‍ ആണ്. ശരത്കുമാര്‍, റീമ കല്ലിങ്കല്‍, സുരാജ്, നിവിന്‍ പോളി, ബിയോണ്‍, അരുണ്‍, നിഷാന്ത് സാഗര്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. ഛായാഗ്രാഹണം-ലോകനാഥന്‍. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍.

ഇത് നമ്മുടെ കഥ ആരംഭിച്ചു

അപൂര്‍വ്വരാഗത്തിനുശേഷം ആസിഫും നിഷാനും ഒന്നിക്കുന്ന ചിത്രം ‘ഇത് നമ്മുടെ കഥ’ തൃശ്ശൂരില്‍ ചിത്രീകരണമാരംഭിച്ചു. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് രാജേഷ് കണ്ണങ്കരയാണ്. നിരവധി ഹിറ്റു സീരിയലുകള്‍ പ്രേക്ഷകര്‍ക്കു സമ്മാനിച്ച രാജേഷിന്റെ ആദ്യ ചിത്രമാണിത്. അനന്യ, ജഗതി, ലാലു അലക്‌സ്, സലീംകുമാര്‍, ദേവന്‍, സുരാജ്, ബിജുകുട്ടന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം വിപിന്‍ മോഹന്‍.

ഒരു ട്രാഫിക് സിഗ്നല്‍

മാറ്റിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു ട്രാഫിക് സിഗ്നല്‍’. ബോബി-സഞ്ജയിന്റേതാണ് തിരക്കഥ. ഒരു ദിവസം രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 മണിയോടെ തീരുന്ന സംഭവത്തിന്റെ ചുവടുപിടിച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നുത്. കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, റോമ, രമ്യാനമ്പീശന്‍ തുടങ്ങിയവര്‍ക്കെല്ലാം ശ്രീനിവാസനും ശ്രദ്ധേയ വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കുശേഷം ജോസ് പ്രകാശ് വീണ്ടും ക്യാമറയ്ക്കു മുമ്പിലെത്തുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം-ബൈജു ഖാലിദ്, വയലാര്‍ ശരതിന്റെ വരികള്‍ക്ക് മെജോ ജോസഫ്, സാംസണ്‍ കോട്ടൂര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു.

ഷാഫി-ദിലീപ് ടീം വീണ്ടും

സൂപ്പര്‍ഹിറ്റ് കുടുംബചിത്രം ‘കല്യാണരാമനു’ശേഷം ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേരിക്കുണ്ടൊരു കുഞ്ഞാട്’. ചട്ടമ്പിനാടുനുശേഷം ബെന്നി പി. നായരമ്പലം തിരക്കഥയൊരുക്കുന്ന ഷാഫി ചിത്രം കൂടിയാണിത്. വൈശാഖ സിനിമയുടെ ബാനറില്‍ പി. രാജന്‍ നിര്‍മ്മിക്കുന്നു. ഇന്നസെന്റ്, ജഗതി, സുരാജ്, സലീംകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഭാവനയാണ് നായിക. ക്യാമറ ശ്യാംദത്ത്.

ശിക്കാര്‍ പൂര്‍ത്തിയായി

ശ്രീരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടെട്‌കോ രാജഗോപാല്‍ നിര്‍മ്മിച്ച് എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ശിക്കാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സെപ്റ്റംബര്‍ പത്തിന് ഈ ചിത്രം മാക്‌സ് ലാബ് എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു.മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രം. സ്‌നേഹ, മൈഥിലി, അനന്യ, എന്നിവര്‍ നായികമാരാകുന്നു.കലാഭവന്‍ മണി, ലാലു അലക്‌സ്, ലാല്‍, തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി, തലൈവാസന്‍ വിജയ്, ജഗതി, സുരാജ് വെഞ്ഞാറമൂട്, ഷാജു, കൃഷ്ണപ്രസാദ്, സാദിഖ്, അബു സലീം, എന്‍.എന്‍.ബാലകൃഷ്ണന്‍, രശ്മി ബോബന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. രചന-എസ്.സുരേഷ് ബാബു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷിജില്‍.

സര്‍ക്കാര്‍ കോളനി പ്രദര്‍ശനത്തിന്

അമൃതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് തമ്പി, ചന്ദ്രശേഖരന്‍ എന്നിവര്‍ നിര്‍മ്മിച്ച് വി.എസ് ജയകൃഷ്ണ കഥയെഴുതി സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ കോളനി പൂര്‍ത്തിയായി. ശ്രീ ഗോകുലം മൂവിസ് റിലീസ്. കൈക്കൂലി വാങ്ങാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രം താമസിക്കുന്ന ഒരു കോളനിയിലെ കഥയാണിത്. മുകേഷ്, ജഗദീഷ്, അശോകന്‍, ജഗതി, സുരാജ് വെഞ്ഞാറമൂട്, കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, ടി.പി. മാധവന്‍, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ദേവയാനി, സോനാ നായര്‍, സീമാ ജി നായര്‍, അംബികാ നായര്‍, സോണിയ, മഞ്ജു എന്നിവര്‍ വേഷമിടുന്നു. തിരക്കഥ സംഭാഷണം വി.സി. അശോക്; ബിച്ചു തിരുമല, രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം.ജി. ശ്രീകുമാര്‍ ഈണം പകരുന്നു. ബാലു ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

കുട്ടിഭൂതം വരുന്നു

എലൈറ്റ് സിനി കമ്പയിന്‍സിന്റെ ബാനറില്‍ ലത്തീഫ് മന്നലാംകുന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. നന്ദ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. മുകേഷ്, ജഗതി, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, അശോകന്‍, കലാഭവന്‍ ഹനീഫ, ഗിന്നസ് പക്രു, ലത്തീഫ്, ഫാസില്‍ കരമന, മായാ മൗഷ്മി, സജന, ഫാത്തിമ, ബാലതാരങ്ങളായ പുഞ്ചിരി, അനുരാധ, അക്ഷയ് കൃഷ്ണ എന്നിവരും പ്രശസ്ത നടി ഷീലയും അഭിനയിക്കുന്നു. രാജീവ് ആലുങ്കലാണ് ഗാനങ്ങള്‍ക്ക് ഷവേജ് ശ്രീധര്‍, സമദ് പ്രിയദര്‍ശിനി എന്നിവര്‍ ഈണം പകരുന്നു. ശിവകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

സഹസ്രം വരുന്നു

മഹാസമുദ്രം എന്ന മോഹന്‍ലാല്‍ ചിത്രത്തിനുശേഷം ഡോ.എസ്.ജനാര്‍ദനന്‍ നിര്‍വ്വഹിക്കുന്ന ചിത്രമാണ് സഹസ്രം. ഹൊററും സസ്‌പെന്‍സും ചേര്‍ത്തൊരുക്കുന്ന ചിത്രത്തില്‍ വിഷ്ണു സഹസ്രനാമം എന്ന ഐപിഎസ് ഓഫിസറുടെ ടൈറ്റില്‍ റോളില്‍ സുരേഷ് ഗോപിയാണ്. കാതല്‍ സന്ധ്യയാണ് നായിക. മധു, ബാല, ജഗതി, റിസബാവ, കിരണ്‍ രാജ്, സുരേഷ് കൃഷ്ണ, കൊല്ലം തുളസി, കൊച്ചുപ്രേമന്‍, ഇന്നസെന്റ്,കോട്ടയം നസീര്‍, സുധീഷ്, നിയാസ്, രാജേഷ് ചൊള്ളാര്‍, ബിനോജ്കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി, സരയു എന്നിവരാണ് അഭിനയിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു. ലോകനാഥന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo