Monthly Archives: June 2010

കുഞ്ചാക്കോ പാല്‍ക്കാരന്റെ വേഷത്തില്‍

കോളേജ് കുമാരനായി വേഷമിട്ട മമ്മി ആന്റ് മി-യ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍, പാല്‍ക്കാരന്റെ വേഷത്തില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന എല്‍സമ്മ എന്ന ആണ്‍കുട്ടി-യില്‍ വരുന്നു. കുഞ്ചാക്കോ ഒരു വ്യത്യസ്തമായ ഭാഷയിലും വേഷത്തിലുമാണ് ഈ ചിത്രത്തില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ നല്ല പ്രതീക്ഷയിലാണ് കുഞ്ചാക്കോ ഈ സിനിമയെ കാണുന്നത്. ഒരിക്കല്‍ കൂടി കുടുംബപ്രേക്ഷകരുടെ മനം കവരുമെന്ന് പ്രതീക്ഷിക്കാം. 

മുപ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന് നിറയെ അവസരങ്ങളാണ് കൈവന്നിരിക്കുന്നത്. ഇനി വരാന്‍ പോകുന്ന മിക്ക സിനിമകളിലും മുഖ്യവേഷങ്ങളില്‍ കുഞ്ചാക്കോ അഭിനയിക്കുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ സകുടുംബം ശ്യാമള’എന്ന ചിത്രത്തില്‍ ഊര്‍വ്വശിക്കൊപ്പം കുഞ്ചാക്കോ ഒരു വീഡിയോഗ്രാഫറുടെ റോള്‍ ചെയ്യുന്നു. ചെറുപ്പക്കാരനായ പോസ്റ്റ്മാന്റെ വേഷത്തില്‍ അവതരിപ്പിക്കുന്ന ഒരിടത്തൊരു പോസ്റ്റ് മാന്‍’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. തമിഴ് നടന്‍ ശരത് കുമാറിന്റെ കൂടെയാണ് അഭിനയിക്കാനുള്ള അവസരവും ഒത്തുവന്നു.
ജയറാം, ജയസൂര്യ, മീരാജാസ്മിന്‍ എന്നിവരുമൊന്നിച്ച് ചെയ്യുന്ന സിനിമ ഫോര്‍ ഫ്രണ്ട്‌സ്-ന്റെ ഷൂട്ടിങ്ങ് തുടങ്ങും അടുത്തമാസത്തില്‍. രാജേഷ് പിള്ളയുടെ ട്രാഫിക്ക്’ -ല്‍ വീനിത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ആസിഫ് അലി എന്നിവരോടൊപ്പം കൈകോര്‍ക്കുന്നു. എന്തായാലും തൊണ്ണൂറുകളിലെ ചോക്കളേറ്റ് പൈയ്യനില്‍ നിന്നുള്ള വലിയൊരു തിരിച്ചുവരാണ് കുഞ്ചാക്കോയുടെത്. 

മോഹന്‍ലാലിന്റെ കണ്ഡഹാര്‍ തുടങ്ങി

സുപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാല്‍ തന്റെ പുതിയ മിലിട്ടറി സിനിമ കണ്ഡഹാറിന്റെ ചിത്രീകരണം തുടങ്ങി. കീര്‍ത്തിചക്രയ്ക്കും കുരുക്ഷേത്രയ്ക്കും ശേഷം മോഹന്‍ ലാലിന്റെ കഥാപാത്രമായ മഹാദേവന്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. കുപ്രസിദ്ധിയാര്‍ജ്ജിച്ച 1999ലെ കണ്ഡഹാഹാര്‍ എയര്‍ ഇന്ത്യ വിമാന റാഞ്ചലാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഊട്ടിയിലെ കൂനാര്‍ മിലിട്ടറി ക്യാമ്പില്‍ മേജര്‍ രവി സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. മോഹന്‍ലാല്‍ കമാണ്ടോകള്‍ക്ക് ക്ലാസ് എടുക്കുന്ന സീനാണ് ഇവിടെ ചിത്രീകരിക്കുന്നത്.

അമിതാഭ് ബച്ചന്‍, ഗണേഷ് വെങ്കിട്ടരാമന്‍, ബോളിവുഡ് സ്റ്റാര്‍ സുനില്‍ ഷെട്ടി, തമിഴ് താരം കാവേരി ഝാ, കന്നഡ താരം രാഗിണി ദ്വിവേദി, എന്നിവരും അനൂപ് മേനോന്‍, സുമലത, കെ.പി.എ.സി ലളിത തുടങ്ങിയവരും ലാലിന് പുറമെ സിനിമയില്‍ വേഷമിടുന്നു.

സഹനിര്‍മ്മാതാവായ മോഹന്‍ ലാലിന്റെ പ്രണവം ആട്‌സ് സിനിമ ഈ വരുന്ന ഒക്‌ടോബറില്‍ പ്രദര്‍ശനത്തിനെത്തും. തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ മൊഴിമാറ്റം നടത്തുന്നുണ്ട്. സിനിമയുടെ മൊത്തം ചെലവ് 10 കോടിയോളം വരും.

സുമലത വീണ്ടും വരുന്നു

ഒരു വര്‍ഷം മുമ്പ് സംവിധായകന്‍ മഹേഷ് കലണ്ടര്‍ എന്ന സിനിമയിലേക്ക് സുമലതയുടെ ഡേറ്റിന് വേണ്ടി അവരുടെ ബാഗ്‌ളൂരിലെ വീട്ടില്‍ എത്തിയെങ്കിലും ആ സമയം ലോകസഭാ തെരെഞ്ഞെടുപ്പിന്റെ സമയമായതിനാല്‍ അവര്‍ അത്ര താത്പര്യം കാണിച്ചില്ല. സുമലതയുടെ ഭര്‍ത്താവ് അംബരീഷ് ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു ആ സമയത്ത.് സെറീനാ വഹാബിനെ നായികയാക്കുകയായിരുന്നു പിന്നീട്. 

എന്നാല്‍ ഇപ്പോള്‍ മേജര്‍ രവിയുടെ കണ്ടഹാറില്‍ സുമലത രണ്ടാമതൊന്ന് ചിന്തിക്കാതെ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു. 


മമ്മൂട്ടിയുടെ നായികയായി എണ്‍പതുകളില്‍ തിളങ്ങിയ സുമലതയുടെ ആരാധകര്‍ക്ക്, സുമലതയുടെ തിരിച്ചുവരവ് നല്ല ഒരു വാര്‍ത്ത തന്നെയായിരിക്കും. മോഹന്‍ ലാല്‍-മേജര്‍ രവി കൂട്ടുകെട്ടിന്റെ കണ്ടഹാര്‍ എന്ന ചിത്രത്തിലൂടെയാണ് സുമലത തിരിച്ചുവരുന്നത്. അമിതാബ് ബച്ചന്റെ ഭാര്യയുടെ റോളിലായിരിക്കും ഇതില്‍ അഭിനയിക്കുക. 
ജോഷി സംവിധാനം ചെയ്ത ‘ഈ തണുത്ത വെളുപ്പാന്‍ കാലത്ത്’ ആണ് സുമലത അവസാനമായി മലയാളത്തില്‍ അഭിനയിച്ച ചിത്രം.

പൃഥ്വിരാജ് സന്തോഷ് ശിവന്റെ ചിത്രത്തില്‍ വീണ്ടും

പൃഥ്വിരാജിന്റെ സിനിമയിലെ വസന്തകാലമാണ് ഇപ്പോള്‍. അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്ന രാവണന്‍, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങള്‍ കൂടുതല്‍ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്. പൃഥ്വി, അമല്‍ നീരദിന്റെ ‘അന്‍വര്‍’ എന്ന ചിത്രം പൂര്‍ത്തികരിക്കുമ്പോഴെക്കും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള അവസരവും ഒത്തു വന്നിരിക്കുന്നു.

സന്തോഷ് ശിവന്റെ അടുത്ത ചിത്രമായ ഉറുമി’യില്‍ പൃഥ്വിരാജ് നായകവേഷം ചെയ്യുന്നു. ഹിറ്റ് മേക്കര്‍ രഞ്ജിത്തിന്റെ അസോസിയേറ്റായ ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്. ശങ്കര്‍ കേരള കഫേയിലെ ഒരു ഷോര്‍ട്ട് ഫിലീമായ അയലന്റ് എക്‌സ്പ്രസ്സ് സംവിധാനവും രചനയും നിര്‍വ്വഹിച്ചിരുന്നു. സിനിമയുടെ മറ്റു അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ച് അറിയാനിരിക്കുന്നതേയുള്ളൂ. പൃഥ്വിരാജിന്റെ മുന്‍ സന്തോഷ് ശിവന്‍ ചിത്രം അനന്തഭദ്രം ആയിരുന്നു.

തിലകന്‍ ഇലക്ഷനില്‍ മത്സരിക്കുന്നു

പ്രശസ്ത നടന്‍ തിലകന്‍ വരുന്ന ഇലക്ഷനില്‍ മത്സരിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചു. കെ. ബി. ഗണേഷ്‌കുമാറിന്റെ പത്തനാപുരം മണ്ഡലത്തില്‍ ഗണേഷ്‌കുമാറിന് എതിരെ മത്സരിക്കുമെന്നാണ് തിലകന്‍ അറിയിച്ചിട്ടുള്ളത്. ഏത് പാര്‍ട്ടി ടിക്കറ്റ് നല്‍കുകയാണെങ്കിലും മത്സരിക്കാന്‍ അദ്ദേഹം തയ്യാറാണ്. അമ്മ എന്ന സംഘടനയില്‍ തിലകനെ പുറത്താക്കിയതില്‍ മുഖ്യപങ്കാണ് ഗണേഷ്‌കുമാര്‍ വഹിച്ചത് എന്നാണ് തിലകന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ഗണേഷ് കുമാറിനോട് മത്സരിക്കുന്നതിന് അദ്ദേഹം താത്പര്യം കാണിക്കുന്നത്.

സംവിധായകന്‍ അലി അക്ബറിന്റെ കാറിനുനേരെ കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ നടത്തിയെന്ന് പറയപ്പെടുന്ന സംഭവത്തിനുശേഷമാണ് തിലകന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. അലി അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അച്ഛന്‍’-ല്‍ തിലകനാണ് കേന്ദ്ര കഥാപാത്രം. ഇതില്‍ ഊഹിക്കാവുന്നതാണ് അലി അക്ബറിന്റെ കാര്‍ ആക്രമിച്ചത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഈ സംഭവം നടന്നത് സിനിമാ അസോസിയേഷന്‍ ‘അമ്മ’ ഔദ്യോഗികമായി തിലകനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതിന് തൊട്ടു പിറകെയാണ്. കെ. ബി. ഗണേഷ് കുമാര്‍ സംഘടനയുടെ ഭാരവാഹികളില്‍ ഒരാളും, കേരള കോണ്‍ഗ്രസ് ബിയുടെ ഒരേയൊരു എം.എല്‍.എയുമാണ്.

തിലകന്‍ ഔദ്യോഗികമായി സംഘടനയില്‍ നിന്നും പുറത്തായി


കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ തിലകനെ സംഘനയുടെ ആജീവിനാന്ത മെമ്പര്‍ഷിപ്പില്‍ നിന്നും ഔദ്യോഗികമായി പുറത്താക്കാന്‍ തീരുമാനിച്ചു. 


സംഘടനയ്ക്കും അതിന്റെ ഭാരവാഹികള്‍ക്കും എതിരെ തിലകന്‍ നടത്തിയ ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ സംഘടയില്‍ പുറത്താക്കിയിരുന്നു. സുകുമാര്‍ അഴിക്കോടിനെതിരെയുള്ള മാനനഷ്ടക്കേസ് തുടര്‍ന്നുകൊണ്ടു പോകുന്നതിനും തീരുമാനമെടുത്തും. ലൊക്കേഷനില്‍ പാലിക്കേണ്ട മര്യാദകളെകുറിച്ചും കൃത്യനിഷ്ഠയും മൊബൈല്‍ ഉപയോഗ നിയന്ത്രണവും അംഗീകരിച്ചു. നാലു കലാകാരന്മാര്‍ക്ക് കൈനീട്ടം പദ്ധതിയിലൂടെ സഹായം ചെയ്യുന്നതിനും അടുത്ത ഫിബ്രുവരിയില്‍ ഒരു സ്റ്റേജ് ഷോ സംഘടിപ്പിക്കാനും തീരുമാനമായി.

വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ സൂപ്പര്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, നെടുമുടിവേണു, ജഗദീഷ്, മധു എന്നിവര്‍ സംബന്ധിച്ചു.

അടൂര്‍ പങ്കജം അന്തരിച്ചു

പ്രശസ്തയായ മലയാളം സിനിമ നടി അടൂര്‍ പങ്കജം അന്തരിച്ചു. 85 വയസ്സായിരുന്നു. പത്തനം തിട്ടയില്‍ അടൂരിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. 40 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 400ലധികം സിനികളിള്‍ വേഷമിട്ടിട്ടുണ്ടായിരുന്നു. ചെമ്മീന്‍ എന്ന ഹിറ്റ് സിനിമയില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. അധികവും ഹാസ്യ-സഹനടി വേഷങ്ങളാണ്. എഴുപതുകളിലെ ഹിറ്റ് സിനിമകളില്‍ അടൂര്‍ഭാസിയുടെ ജോഡിയായി അഭിനയിച്ച വേഷങ്ങള്‍ എടുത്തുപറയത്തകതാണ്. അവരുടെ സഹോദരിയായ അടൂര്‍ ഭവാനി ഈയടുത്ത നാളില്‍ വിടപറഞ്ഞിരുന്നു. ഇവര്‍ രണ്ടു പേരും സിനിമയിലും നാടകത്തിലും അടൂര്‍ സഹോദരിമാര്‍ എന്ന നാമധേയത്തിലാണ് അറിയപ്പെട്ടിരുന്നത്. 
സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡിനുപുറമെ നിരവധി പുരസ്‌ക്കാരങ്ങള്‍ അടൂര്‍ പങ്കജം കരസ്ഥമാക്കിയിട്ടുണ്ട്. 2008ല്‍ അടുര്‍ സഹോദരിമാരെ കേരളാ സാഹിത്യ അക്കാദമി അവരുടെ ചിരസ്മരണീയമായ അഭിനയപാടവം മലയാള സിനിമയ്ക്കും നാടകത്തിനും നല്‍കിയതിന്റെ പേരില്‍ ആദരിച്ചിരുന്നു.

പൂനം കൗര്‍ പൃഥ്വിയുടെ നായിക



മോഡല്‍ രംഗത്തും നിന്നും സിനിമയിലെത്തിയ പൂനം കൗര്‍ മലയാളത്തില്‍ നായികാവേഷത്തില്‍ എത്തുന്നു. പൃഥ്വിരാജ് നായകനായ ത്രില്ലര്‍ എന്ന ചിത്രത്തിലാണ് നായികയായി അഭിനയിക്കുന്നത്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ കുപ്രസിദ്ധിയാര്‍ജ്ജിച്ച പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ടതാണ്. ലാലു അലക്‌സ്, ശശികുമാര്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ പ്രധാനപ്പെട്ട റോളില്‍ എത്തുന്നു. പൃഥ്വിരാജ് ഈ സിനിമയില്‍ പോലീസ് കമ്മീഷണരുടെ റോളില്‍ കേസ് അന്വേഷിക്കാന്‍ എത്തുന്നു.

പൂനം കൗര്‍ മിസ് ആന്ധ്രാപട്ടം 2005 ല്‍ നേടിയിട്ടുണ്ട്. തമിഴ് തെലുങ്ക സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന നായികാവേഷങ്ങള്‍ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.

പഴശ്ശി തിരക്കഥ പുറത്തിറക്കി

സിനിമ ഏഴ് കലകളുടെ മഹത്തരമായ സംഗമമാണ്. ഈ തത്വം പഴശ്ശിരാജയില്‍ നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് പ്രമുഖ സാഹിത്യകാരനും പഴശ്ശിരാജ സിനിമയുടെ തിരക്കഥാ കൃത്തുമായ എം. ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. ചരിത്രഗ്രന്ഥങ്ങളുടെ പഠനത്തിലൂടെയും നിരന്തരമായ ഗവേഷണ പ്രക്രിയയിലൂടെയുമാണ് പഴശ്ശിരാജ എന്ന സിനിമയുടെ പിറവിക്കാധാരം. കേരളവര്‍മ്മ പഴശ്ശിരാജ എന്ന സിനിമയുടെ തിരക്കഥ പുസ്തകം പുറത്തിറക്കി സംസാരിക്കവെയാണ് എം.ടി. സിനിമയുടെ അന്തര്‍ധാരയെക്കുറിച്ച് പറഞ്ഞത്.

മെഗാ സ്റ്റാര്‍ മമ്മൂട്ടി ചടങ്ങ് ഉത്ഘാടനം ചെയ്തു. എം.ടി.യുടെ കഥാപാത്രങ്ങളായി അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതാണ് തനിക്ക് ഇന്ന് സിനിമാലോകത്തുള്ള സ്ഥാനം ലഭിക്കുന്നതിന് കാരണമെന്ന് മമ്മൂട്ടി തന്റെ ഉദ്ഘാടനവേളയില്‍ അഭിപ്രായപ്പെട്ടു. സിനിമയുടെ സംവിധായകനായ ഹരിഹരന്‍ ആദ്യപ്രതി നിര്‍മ്മാതാവ് ഗോകുലം ഗോപാലന് നല്‍കി. പുസ്തകം പുറത്തിറക്കുന്നത് കറന്റ് ബുക്ക്‌സ് തൃശ്ശൂര്‍ ആണ്.

ബ്ലെസി സിനിമയില്‍ വിക്രം നായകനാകുന്നു



മലയാളത്തിന്റെ അനുഗ്രഹീത സിനിമാക്കാരന്‍ ബ്ലെസിയുടെ അടുത്ത സിനിമയില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രം നായകനായി അഭിനയിക്കുന്നു. അടുത്ത ദിവസമാണ് വിക്രം മലയാളസിനിമയില്‍ അഭിനയിക്കുന്നതിനുള്ള തന്റെ അഭിനിവേശം പുറത്തെടുത്തത്. അതിനുമുമ്പേ തന്നെ തന്റെ സിനിമയില്‍ വിക്രത്തെ നായകനാക്കാന്‍ ബ്ലെസി ഒരുങ്ങിയിരുന്നു. കരുത്തരായ രണ്ടു പ്രതിഭകളുടെ ഒത്തുചേരല്‍ ഒരു സംഭവമാകും എന്നുതന്നെ കരുതാം.

പൃഥ്വിരാജുമായുള്ള സിനിമ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു. തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ബ്ലെസി അടുത്തസിനിമയുടെ തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണിപ്പോള്‍.

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo